പ്രേക്ഷകർക്കിടയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് മോഹൻലാൽ- ലാൽ ജോസ് കൂട്ടുകെട്ടിലെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കിക്കമ്മൽ’ എന്ന ഗാനമാണ്.
ഓണാഘോഷത്തിൽ ഈ ഗാനത്തിന് ചുവട് വച്ചായിരുന്നു മിക്കവരുടെയും ആഘോഷം.
അച്ഛന്റെ ചിത്രത്തിലെ ഗാനത്തിന് മകൻ പ്രണവ് മോഹൻലാലും ഇപ്പോൾ ചുവടുവച്ചിരിക്കുകയാണ്.
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രണവ് മോഹൻലാൽ ചിത്രം ‘ആദി’യുടെ ഹെെദരാബാദിലെ ലൊക്കേഷനിൽ ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രണവ് ജിമിക്കിക്കമ്മലിന് ചുവടുവെച്ചത്.
മുണ്ടും ഷർട്ടും ധരിച്ച് ന്യൂജൻ ലുക്കിലെത്തിയ നടി അനുശ്രിയും മറ്റ് അണിയറപ്രവർത്തകരും പ്രണവിനൊപ്പം ഉണ്ടായിരുന്നു.
ഡാൻസിന്റെ വീഡിയോ ജിത്തു ജോസഫ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആരാധകരിലെത്തിച്ചത്.
പ്രണവ് മോഹൻലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ആദി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.