ന്യൂഡല്‍ഹി: ശൗചാലയം വൃത്തിയാക്കാനല്ല എം.പി ആയതെന്ന പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
താന്‍ സവര്‍ണ ജാതിക്കാരി ആയതിനാല്‍ ശൗചാലയം വൃത്തിയാക്കുന്നവരെ തുല്യതയോടെ കാണാന്‍ ആവില്ലെന്നും. ശൗചാലയം വൃത്തിയാക്കാനല്ല താന്‍ എം.പി ആയതെന്നുമായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ഇങ്ങനെ പറയുന്ന ഒരാള്‍ എങ്ങനെയാണ് പുതിയ ഇന്ത്യ നിര്‍മിക്കുകയെന്നും ഉവൈസി ചോദിച്ചു.
ഞായറാഴ്ചയാണ് ഭോപാല്‍ ബി.ജെ.പി എം.പി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ വൃത്തിഹീനത സംബന്ധിച്ച് പരാതി പറയാനെത്തിയ സെഹോര്‍ എന്ന സ്ഥലത്തെ ബി.ജെ.പി പ്രവര്‍ത്തകരെ അപമാനിച്ച് സംസാരിച്ചത്. ”ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് നിങ്ങളുടെ ഓവുചാല്‍ വൃത്തിയാക്കാനോ ശൗചാലയം വൃത്തിയാക്കാനോ അല്ല. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി സത്യസന്ധമായി ചെയ്യും. ഇക്കാര്യം മുമ്പ് പറഞ്ഞതാണ്, ഇനിയും പറയും.” എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിന്റെ വാക്കുകള്‍.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് പ്രജ്ഞ സിങ് ഇത്തരത്തില്‍ പ്രതികരിച്ചത്. 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയാണ് പ്രജ്ഞ സിങ് ഠാക്കൂര്‍. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്‌സേ ദേശ ഭക്തനാണെന്ന് പറഞ്ഞ് ഇവര്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയെ തള്ളി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഒരിക്കലും പൊറുക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു.