പ്രജ്ഞാ സിങ്ങിനും കേണല്‍ പുരോഹിതിനും ഇളവ് നല്‍കി പ്രത്യേക കോടതി

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ പ്രതികളായ പ്രജ്ഞാ സിങ് ഠാക്കൂര്‍,കേണല്‍ പ്രസാദ് പുരോഹിത്, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ കോടതിയില്‍ ഹാജരാവേണ്ടതില്ലെന്ന് വ്യക്തമാക്കി മുംബൈ എന്‍.ഐ.എ പ്രത്യേക കോടതി.

ഈ ആഴ്ചയില്‍ കേസിലെ പ്രതികളെ ഹാജരാക്കണമെന്ന് എന്‍.ഐ.എക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനാല്‍ തിരക്കിലാണെന്നാണ് കോടതിയെ അറിയിച്ചിരുന്നു. സുധാകര്‍ ചതുര്‍വേദിയും ഇതേ കാരണം കാണിച്ച് രംഗത്തെത്തിയിരുന്നു.

ഇവരുടെ അപേക്ഷ സ്വീകരിച്ച് കോടതി ഇളവ് നല്‍കുകയായിരുന്നു. മലേഗാവില്‍ സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിന് പ്രതികളുടെ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരു തവണയെങ്കിലും പ്രതികള്‍ ഹാജരാകണമെന്നാണ് കോടതി കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്.

Top