ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്.
നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ് വിമര്‍ശിച്ചു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഭൂഷണ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പൊലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചിരുന്നു. നിലവിലെ പൊലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.