ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിന് എതിരെയുളള കോടതിയലക്ഷ്യ കേസില്‍ വിശദമായ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. കേസില്‍ സുപ്രീം കോടതി പിന്നീട് വിധി പറയും. സെപ്റ്റംബര്‍ രണ്ടിന് മുമ്പ് കേസില്‍ വിധി പ്രസ്താവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചത് കൂടാതെ ഇന്ന് 30 മിനുറ്റ് സമയം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.
എന്നാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. രാജീവ് ധവാന്‍ ആണ് പ്രശാന്ത് ഭൂഷണിന് വേണ്ടി കോടതിയില്‍ ഹാജരായത്. അതേസമയം പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് എടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അടക്കമുളളവരെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ കേസ് നേരിടുന്നത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ സുപ്രീം കോടതി തിരുത്താന്‍ മൂന്ന് ദിവസത്തെ സമയം അദ്ദേഹത്തിന് അനുവദിച്ചു. എന്നാല്‍ പറഞ്ഞതെല്ലാം പൂര്‍ണ ബോധ്യത്തോടെ ആണെന്നും മാപ്പ് പറയുകയോ കോടതിയുടെ ദയയ്ക്ക് വേണ്ടി യാചിക്കുകയോ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ നിലപാട് എടുത്തു.
കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമോ പ്രസ്താവനയോ പിന്‍വലിക്കില്ലെന്ന് നിലപാടെടുത്ത പ്രശാന്ത് ഭൂഷണ്‍ തന്നെ
കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു. താന്‍ കോടതിയില്‍ നിന്നും ദയ അല്ല നീതിയാണ് ആവശ്യപ്പെടുന്നത് എന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
ബലം പ്രയോഗിച്ച് മാപ്പ് പറയിപ്പിക്കാനാണ് സുപ്രീം കോടതി ശ്രമിക്കുന്നത് എന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജീവ് ധവാന്‍ പറഞ്ഞ്. ശിക്ഷ നല്‍കി പ്രശാന്ത് ഭൂഷണെ ഒരു രക്തസാക്ഷിയാക്കരുതെന്നും ധവാന്‍ ആവശ്യപ്പെട്ടു. ആരെയും നിശബ്ദരാക്കാന്‍ ശ്രമിക്കരുത്. കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ സാധിക്കുന്നില്ലെങ്കില്‍ സുപ്രീം കോടതി തകരുമെന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.