ഇന്ത്യയിൽ മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത ചരിത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ആ പാർട്ടി ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. അതിനുവേണ്ടി അവർ ആശ്രയിക്കുന്നതാകട്ടെ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറിനെയാണ്. കോൺഗ്രസ്സിന്റെ ഗതികേട് എന്നല്ലാതെ മറ്റൊന്നും തന്നെ ഇതിനെ വിശേഷിപ്പിക്കാൻ കഴിയുകയില്ല. ഇന്നലെ പൊട്ടി മുളച്ച ഒരു പ്രശാന്ത് കിഷോർ വേണം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിനു ജീവവായു നൽകാൻ എന്നു പറഞ്ഞാൽ അഭിമാന ബോധമുള്ള ഒരു പാർട്ടി പ്രവർത്തകനും പിന്നെ ആ പാർട്ടിയിൽ നിന്നിട്ട് ഒരു കാര്യവുമില്ല. കുടുംബ കേന്ദ്രീകൃതമായ കോൺഗ്രസ്സ് ഇപ്പോൾ കൂടുതൽ വ്യക്തി കേന്ദ്രീകൃതമായാണ് മാറുവാൻ ശ്രമിക്കുന്നത്. പ്രശാന്ത് കിഷോർ പറയുന്നത് കേട്ട് മുന്നോട്ട് പോകുന്ന കോൺഗ്രസ്സ് സ്വന്തം പാർട്ടി പ്രവർത്തകർക്കു നൽകുന്ന സന്ദേശവും തെറ്റാണ്.
എത്രയോ അനുഭവ സമ്പത്തുള്ള നേതാക്കൾ ഉണ്ടായിട്ടും രാഷ്ട്രീയത്തെ പരസ്യമായി ‘ബിസിനസാക്കുന്ന’ വ്യക്തിയെ ആശ്രയിക്കേണ്ടി വരിക എന്നത് കോൺഗ്രസ്സിന്റെ ദയനീയ അവസ്ഥയെയാണ് തുറന്നു കാട്ടുന്നത്. “വിവരമുള്ള ആരും ആ പാർട്ടിയിൽ ഇല്ലേ എന്ന ചോദ്യം ” അതു കൊണ്ടു തന്നെയാണിപ്പോൾ ശക്തമായിരിക്കുന്നത്.
സാക്ഷാൽ നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിച്ചതും പല സംസ്ഥാനങ്ങളിലെയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ചതും പ്രശാന്ത് കിഷോറിന്റെ ബുദ്ധിപരമായ നീക്കം മൂലമാണെന്ന വിലയിരുത്തലാണ് ഗാന്ധി കുടുംബത്തെ പ്രശാന്ത് കിഷോറിനെ ആശ്രയിക്കാൻ നിർബന്ധമാക്കിയിരിക്കുന്നത്. മേൽപ്പറഞ്ഞ ഈ വിലയിരുത്തൽ തന്നെ വലിയ ഒരു തെറ്റാണ്… പ്രശാന്ത് കിഷോർ ഒപ്പമില്ലായിരുന്നു എങ്കിലും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തുമായിരുന്നു.പഞ്ചാബിലും , ബീഹാറിലും, ഡൽഹിയിലും, ആന്ധ്രയിലും, ബംഗാളിലും, തമിഴ് നാട്ടിലും ഉൾപ്പെടെ പ്രശാന്ത് കിഷോർ ഒപ്പമുണ്ടായിരുന്ന വിഭാഗം മുൻപ് വിജയിച്ചതിലും അദ്ദേഹത്തിനു ക്രഡിറ്റ് അവകാശപ്പെടാൻ കഴിയുകയില്ല. പ്രശാന്ത് കിഷോർ ഉണ്ടെങ്കിലും ഇല്ലങ്കിലും ഈ വിജയങ്ങൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു. അതു തന്നെയാണ് യാഥാർത്ഥ്യവും.
വിജയിക്കുമെന്ന് ഉറപ്പുള്ള പാർട്ടിക്കൊപ്പം കൂടിയ ചരിത്രമാണ് പ്രശാന്ത് കിഷോറിനു എല്ലാക്കാലത്തും ഉള്ളത്. ഓരോ സംസ്ഥാനത്തെയും അവസ്ഥയെടുത്താൽ അക്കാര്യവും പകൽ പോലെ വ്യക്തമാകുന്നതാണ്. ബി.ജെ.പി ആദ്യമായി വാജ് പേയിയുടെ കാലത്ത് ഇന്ത്യ ഭരിച്ചത് പ്രശാന്ത് കിഷോറുമാർ ഉണ്ടായിട്ടല്ല. അവർ ഉയർത്തിയ ഹിന്ദുത്വ കാർഡാണ് രണ്ട് അംഗങ്ങളിൽ നിന്നും രാജ്യം ഭരിക്കുന്ന നിലയിലേക്ക് ബി.ജെ.പിയെ വളർത്തിയിരിക്കുന്നത്. അതേ കാർഡ് ഉപയോഗിച്ചു തന്നെയാണ് നരേന്ദ്ര മോദി സർക്കാറും അധികാരത്തിൽ വന്നിരിക്കുന്നത്. അതല്ലാതെ, പ്രശാന്ത് കിഷോറി ന്റെ മിടുക്കു കൊണ്ടല്ല. ജനങ്ങളുടെ വികാരം മനസ്സിലാക്കി വേണം നിലപാട് സ്വീകരിക്കുവാൻ, അക്കാര്യത്തിലാണ് പ്രശാന്ത് കിഷോർ വിജയിച്ചിരിക്കുന്നത്. അഴിമതിയുടെ കൂത്തരങ്ങായി മാറിയ യു.പി.എ സർക്കാറിനെതിരെ ജനവികാരം ഉറപ്പിച്ചാണ് അദ്ദേഹം ആദ്യമായി ബി.ജെ.പി പാളയത്തിൽ എത്തിയിരുന്നത്. മൻമോഹൻ സിംങ് സർക്കാറിന്റെ രണ്ടാം വരവിൽ ഉണ്ടായ അഴിമതിയുടെ നാറുന്ന കഥകൾ രാജ്യത്തെ ആകെ ഞെട്ടിച്ച വിവാദങ്ങളാണ്. ബി.ജെ.പിയുടെ ഹിന്ദുത്വ കാർഡിനൊപ്പം ഈ അഴിമതി കഥകൾ കൂടിയാണ്, കോൺഗ്രസ്സിന്റെ പതനം പൂർണ്ണമാക്കിയിരുന്നത്. വസ്തുത ഇതായിരിക്കെ യു.പി.എ സർക്കാറിന്റെ ഈ പതനത്തിന് പ്രശാന്ത് കിഷോറിനെ ഹീറോയാക്കാനാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിച്ചിരുന്നത്. അവർ നരേന്ദ്ര മോദിക്കു പിന്നിലെ ബുദ്ധി കേന്ദ്രമായി പ്രശാന്തിനെ പ്രതിഷ്ടിക്കുകയാണ് ഉണ്ടായത്. ഇതാണ് പിന്നീട് പ്രശാന്ത് കിഷോറും മുതലെടുത്തിരുന്നത്.
എന്നാൽ, ബി.ജെ.പിയെ അധികാരത്തിലെത്തിച്ച ‘ബുദ്ധി’ പ്രശാന്ത് കിഷോറിന്റെയല്ലന്ന് ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് ബി.ജെ.പി നേത്യത്വം തന്നെയാണ്. അതു കൊണ്ടാണ് അവർ പിന്നീട് പ്രശാന്ത് കിഷോറിനെ അടുപ്പിക്കാതെ മാറ്റി നിർത്തിയിരുന്നത്. ഒരു രാഷ്ട്രീയ തന്ത്രജ്ഞന്റെയും സഹായം തങ്ങൾക്ക് ആവശ്യമില്ലന്നത് രണ്ടാം ‘ഊഴത്തിൽ’ സാക്ഷാൽ നരേന്ദ്ര മോദി തന്നെ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.
പ്രശാന്ത് കിഷോർ ഒപ്പം ഉണ്ടെങ്കിലും ഇല്ലങ്കിലും ഡൽഹിയിൽ ആം ആദ്മി പാർട്ടി തന്നെയാണ് വിജയിക്കുമായിരുന്നത്. പശ്ചിമ ബംഗാളിലെയും അവസ്ഥ അതു തന്നെയാണ്, ബി.ജെ.പി എത്ര വലിയ വെല്ലുവിളികൾ ഉയർത്തിയാലും, ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ സംസ്ഥാനത്ത്, മമത തന്നെ തുടരുമെന്ന കാര്യവും ഉറപ്പായിരുന്നു. തെലങ്കുദേശം പാർട്ടി അഴിമതി നടത്തി മുടിച്ച ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ്സിന്റെ ‘കൊടിയേറ്റവും’ അനിവാര്യമായിരുന്നു. ഇവിടെ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രവർത്തനമാണ് വൈ.എസ്.ആർ കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ചിരുന്നത്. അതല്ലാതെ പ്രശാന്ത് കിഷോറിന്റെ മിടുക്കു കൊണ്ടല്ല. ജയലളിതയുടെ മരണത്തോടെ തമിഴ് നാട്ടിൽ ഡി.എം.കെ മുന്നണി വിജയിക്കുമെന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. അവിടെയും, പ്രശാന്ത് കിഷോർ ‘എഫക്ട്’ അവകാശപ്പെട്ടാൽ വിലപ്പോവുകയില്ല. അതു പോലെ തന്നെ മുൻപ് ബീഹാറിൽ നിതീഷ് കുമാറിനെയും പഞ്ചാബിൽ അമരീന്ദർ സിംഗ് സർക്കാറിനെയും അധികാരത്തിലേറ്റിയതും ആ സംസ്ഥാനങ്ങളിലെ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ്. അതല്ലാതെ പ്രശാന്ത് കിഷോർ രൂപപ്പെടുത്തിയ രാഷ്ട്രീയ സാഹചര്യങ്ങൾ ആയിരുന്നില്ല.
മോദിയെ അധികാരത്തിലേറ്റിയ ബുദ്ധികേന്ദ്രമെന്ന് മാധ്യമങ്ങൾ വാഴ്ത്തിയത് കണ്ടാണ് പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ പ്രശാന്ത് കിഷോറിൻ്റെ സഹായം തേടിയിരുന്നത്. അതാകട്ടെ അവർ ചെയ്ത വലിയ മണ്ടത്തരവുമാണ്. സാമ്പത്തിക നഷ്ടം മാത്രമല്ല സ്വന്തം പാർട്ടികളുടെ കഴിവിനെ കൂടിയാണ് ‘ഇതുവഴി’ നേതൃത്വങ്ങൾ ചോദ്യം ചെയ്തിരിക്കുന്നത് പരിഹാസ്യമായ നിലപാടാണിത്.
പഞ്ചാബിൽ, അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സിനെ അധികാരത്തിൽ കയറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് പ്രശാന്ത് കിഷോറാണെങ്കിൽ എന്തു കൊണ്ടാണ് ഇത്തവണ, ആ ദൗത്യം പ്രശാന്ത് കിഷോർ ഏറ്റെടുക്കാതിരുന്നത് എന്നതും നാം ചിന്തിക്കേണ്ടതുണ്ട്. അവിടെയാണ് “തോൽവി മുൻകൂട്ടി കണ്ടു തലയൂരി” എന്ന വാദവും പ്രസക്തമാകുന്നത്.
ഇത്തരം അവസരവാദ പരമായ നിലപാട് സ്വീകരിക്കുകയും, ‘കച്ചവടക്കണോടെ’ മാത്രം നീങ്ങുകയും ചെയ്യുന്ന ഒരു വ്യക്തിയെ ആണോ ആശ്രയിക്കേണ്ടതെന്നത് കോൺഗ്രസ്സിലെ അവശേഷിക്കുന്ന നേതാക്കളെങ്കിലും ചിന്തിക്കേണ്ട വലിയ ഒരു കാര്യമാണ്. ഒരു കുടുംബത്തിൻ്റെ മാത്രം ഉപദേശം കേട്ടതാണ് കോൺഗ്രസ്സിൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. രാജ്യത്ത് ആകെ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് ആ പാർട്ടി ഇപ്പോൾ അധികാരത്തിൽ തുടരുന്നത്. അതും എത്ര നാൾ എന്നതും വലിയ ഒരു ചോദ്യം തന്നെയാണ്. ഈ ഒരു സാഹചര്യത്തിൽ കുടുംബ ഉപദേശത്തിനു പകരം ഒരു രാഷ്ട്രീയ തന്ത്രജ്ഞന്റെ ഉപദേശം സ്വീകരിച്ചിട്ട് ഒരു കാര്യവുമില്ല. അവസാന ‘തുരുത്തുകൂടി’ നഷ്ടപ്പെടുത്താനെ അത്തരം ‘തന്ത്രങ്ങളും ‘ വഴി വയ്ക്കുകയൊള്ളു.
കോൺഗ്രസ്സിനു പിടിച്ചു നിൽക്കണമെങ്കിൽ, ആദ്യം മാറേണ്ടത് നേതൃത്വത്തിന്റെ നിലവിലെ നിലപാടുകളാണ്. അതു പറഞ്ഞു തരാൻ പ്രശാന്ത് കിഷോർ വേണമെങ്കിൽ പിന്നെ എന്തിനാണ് കോൺഗ്രസ്സിന് നേതാക്കൾ എന്നതും ഒരു വലിയ ചോദ്യമാണ്.
ദേശീയതലത്തിൽ കോൺഗ്രസിനു പരമാവധി ജയസാധ്യത ഉറപ്പാക്കാൻ ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പാർട്ടി പ്രസിഡന്റായി നിയമിക്കണമെന്നതാണ് പ്രശാന്ത് കിഷോർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പിലും തോറ്റമ്പിയിട്ടും ഇക്കാര്യം കോൺഗ്രസ്സിനു ഇതുവരെ മനസ്സിലായിട്ടില്ലങ്കിൽ കാര്യമായ തകരാറ് തന്നെ ആ പാർട്ടിക്കുണ്ട്. സോണിയ ഒഴിഞ്ഞാൽ രാഹുൽ ഗാന്ധിയെ പ്രസിഡന്റായി നിയമിക്കരുതെന്നാണ് പ്രശാന്ത് കിഷോറിന്റെ മറ്റൊരാവശ്യം. സോണിയയെ മുൻ നിർത്തി എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുൽ ആയതിനാൽ ഈ ആവശ്യവും സ്വാഭാവികവുമാണ്.
അതേസമയം പാർലമെന്റിനകത്തും പുറത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന മറ്റൊരു നിർദ്ദേശവും കോൺഗ്രസ്സ് നേതൃത്വത്തിനു മുന്നിൽ പ്രശാന്ത് കിഷോർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുൾപ്പെടെ സംഘടനാ രംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങൾ സഖ്യമുണ്ടാക്കേണ്ട സംസ്ഥാനങ്ങൾ എന്നിവയും അദ്ദേഹം നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.ഇതെല്ലാം പറയാൻ ഒരു പ്രശാന്ത് കിഷോർ വേണ്ടി വന്നു എന്നതാണ് ഏറ്റവും വലിയ തമാശ.ഒരു പാർട്ടി എങ്ങനെ മുന്നോട്ട് പോകണം അതിന്റെ പരിപാടി എന്തായിരിക്കണം ജനങ്ങൾക്കിടയിൽ എങ്ങനെ പ്രവർത്തിക്കണം എന്നതും പ്രക്ഷോഭ സമരങ്ങൾ സംഘടന തിരഞ്ഞെടുപ്പുകൾ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പെടെ എല്ലാറ്റിലും തീരുമാനം എടുക്കേണ്ടത്.അതാത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങളാണ്. അതല്ലാതെ പ്രശാന്ത് കിഷോർമാർ ആവരുത്. ഇതിലും ഭേദം പ്രശാന്ത് കിഷോറിനെ പിടിച്ച് എ.ഐ.സി.സി അദ്ധ്യക്ഷനാക്കുന്നത് ആയിരുന്നു.
പ്രശാന്ത് കിഷോർ പറഞ്ഞ കാര്യങ്ങളിൽ മിക്കതും കോൺഗ്രസ്സിൽ നടക്കാത്ത കാര്യങ്ങളാണ്. സംഘടനാപരമായി ആ പാർട്ടി രാജ്യത്ത് തകർന്നു കഴിഞ്ഞു. കേവലം ആൾക്കൂട്ടങ്ങളെ ആകർഷിച്ചതു കൊണ്ടു മാത്രം ഒരു തിരഞ്ഞെടുപ്പിലും അവർക്ക് വിജയിക്കാൻ കഴിയുകയില്ല. റോഡ് ഷോ കണ്ട് തെറ്റി ധരിച്ച് അധികാരത്തിൽ എത്തുമെന്ന് കണക്കു കൂട്ടിയ സംസ്ഥാനങ്ങൾ പോലും കോൺഗ്രസ്സിനെ കൈവിട്ടു കഴിഞ്ഞു.
പ്രാഥമികമായി ഒരു പാർട്ടിക്കു വേണ്ട പ്രത്യായ ശാസ്ത്രപരമായ അടിത്തറ ഇന്നു കോൺഗ്രസ്സ് പാർട്ടിക്കില്ല. എന്താണ് പാർട്ടിയുടെ നയം എന്നു ചോദിച്ചാൽ നേതാക്കൾക്കു പോലും അതറിയില്ല. കുറേ ഖദർ ധാരികളുടെ ഒരു ആൾകൂട്ടം മാത്രമാണിന്ന് കോൺഗ്രസ്സ്.പാർട്ടിയേക്കാൾ പണത്തെയും പദവിയെയും സ്നേഹിച്ച നേതാക്കളാണ് ഇന്നും ആ പാർട്ടിയുടെ ശാപം. പാവങ്ങൾക്കു വേണ്ടി ഒരു പോരാട്ടത്തിനും ഇക്കൂട്ടർ തയ്യാറല്ല. ഏറ്റവും ഒടുവിൽ ഡൽഹി ജഹാംഗീർപുരിയിൽ ബി.ജെ.പി നിയന്ത്രണത്തിലുള്ള കോർപ്പറേഷൻ അധികൃതർ പാവങ്ങളുടെ കുടിലുകളും കടകളും തകർത്തു തുടങ്ങിയപ്പോൾ അതു തടയാൻ പോലും, ഒരു കോൺഗ്രസ്സുകാരനും സ്ഥലത്ത് ഉണ്ടായിരുന്നില്ല. അവിടെ വ്യന്ദാ കരാട്ട് എന്ന സി.പി.എം നേതാവാണ് ബുൾഡോസറിനെ തടഞ്ഞു നിർത്തിയിരുന്നത്. കമ്യൂണിസ്റ്റുകൾക്ക് സ്വാധീനമില്ലാത്ത ഡൽഹിയിൽ വൃന്ദക്ക് അതിനു കഴിഞ്ഞത് ചെങ്കൊടിയും ചുവപ്പ് പ്രത്യായ ശാസ്ത്രവും പകർന്നു നൽകിയ കരുത്താണ്. അത്തരമൊരു കരുത്തും ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ട്വിറ്ററിൽ ഒതുങ്ങി കൂടിയിരിക്കുന്നത്. ന്യൂനപക്ഷ സമൂഹത്തോട് സ്നേഹമുണ്ടായിരുന്നു എങ്കിൽ അവിടെ ആദ്യം രംഗത്തിറങ്ങേണ്ടിയിരുന്നത് കോൺഗ്രസ്സായിരുന്നു. കാരണം ഡൽഹിയിൽ ഇപ്പോഴും അത്യാവശ്യം പ്രവർത്തകർ കോൺഗ്രസ്സിനുണ്ട്. എന്നാൽ അവർ അതിനു തയ്യാറായില്ലന്നതാണ് യാഥാർത്ഥ്യം. ഇതുപോലെ രാജ്യത്തെ ഏതു സംഭവം എടുത്താലും കോൺഗ്രസ്സിന്റെ നിലപാടുകളും സമാനമാണ്. മാധ്യമങ്ങളിലാണ് അവർ ‘ഹീറോയിസം’ കാണിക്കുക. വെയിൽ കൊള്ളാനും അടി വാങ്ങാനും ജയിലിൽ പോകാനും ഒന്നും ഖദർ ധാരികളെ ഒരിക്കലും കിട്ടാറില്ല. എന്നാൽ കമ്യൂണിസ്റ്റുകൾ അങ്ങനെ അല്ല ഒരാൾ മാത്രം അവശേഷിച്ചാലും, അതൊരു പാർട്ടിയായി മാറും. ചെറുത്തു നിൽപ്പും തുടരും അതു തന്നെയാണ് ഡൽഹിയിലും ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
സംഘപരിവാറിന്റെ പാതയിൽ തന്നെയാണ് കോൺഗ്രസ്സ് നേതൃത്വവും നിലവിൽ നീങ്ങുന്നത്. മോദിയും അമിത് ഷായും പോകുന്ന വഴികളിൽ അതേ വേഷത്തിൽ തന്നെ പോകാനാണ് പലപ്പോഴും രാഹുലും പ്രിയങ്കയും ശ്രമിച്ചിട്ടുള്ളത്. ഹിന്ദുത്വ വോട്ടുകൾ ലക്ഷ്യമിട്ട് ഇവർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാജ്യം കണ്ടതാണ്. ഇതോടെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ കൂടി കോൺഗ്രസ്സിനെ കൈവിട്ട അവസ്ഥയാണുള്ളത്. ഒരു സെക്കുലർ പാർട്ടിയാണ് കോൺഗ്രസ്സ് എന്നതാണ് ഇവിടെ നേതൃത്വം മറന്നിരിക്കുന്നത്.
ഹിന്ദുത്വ വാദികളായിരുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പണ്ടു മുതൽ തന്നെ സംഘപരിവാർ നേതാക്കളുമായി ‘ നല്ല ബന്ധമാണുള്ളത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നിരോധിക്കപ്പെട്ട സമയത്ത് ആർഎസ്എസുകാർ കൂട്ടത്തോടെ കുടിയേറപ്പെട്ടിരുന്നതും കോൺഗ്രസ്സിലേക്കാണ്. നെഹ്രുവിന്റെ എതിർപ്പുപോലും മറികടന്ന് ആർഎസ്എസുകാർക്ക് കോൺഗ്രസിൽ നേരിട്ട് അംഗത്വം നൽകുന്ന അവസ്ഥയും അന്നുണ്ടായിരുന്നു.
ആർഎസ്എസ് – കോൺഗ്രസ് ലയനം എന്നത് പോലും ഗോൾവാൾക്കറിന്റെ ആശയമായിരുന്നു. സാംസ്കാരികവും-സംഘടനാപരവുമായ ശക്തികളുടെ ലയനത്തിലൂടെ ഒരു ഹിന്ദു രാഷ്ട്ര നിർമിതിയെയാണ് അദ്ദേഹം സ്വപ്നം കണ്ടിരുന്നത്.സർദാർ വല്ലഭായി പട്ടേൽ മുതൽ ഇങ്ങോട്ട് ഇന്ദിരയും രാജീവും സോണിയയും രാഹുലും വരെ എത്തിനിൽക്കുന്ന കോൺഗ്രസ്സ് കാലഘട്ടങ്ങൾ ഹിന്ദുത്വയുടെ രാഷ്ട്രീയമായ പ്രായോഗിക വൽക്കരണം എത്ര ലാഘവത്തോടെയാണ് നടത്തിയെടുത്തത് എന്ന അപകടകരമായ യാഥാർത്ഥ്യവും ഒരിക്കലും നാം കാണാതെ പോകരുത്.
അടിയന്തരാവസ്ഥക്കു ശേഷമുള്ള കോൺഗ്രസ്സ് ഹിന്ദുത്വയുടെ രാഷ്ട്രീയ പരിസരങ്ങളെ മറ്റൊരു മാനത്തിലേക്കാണ് കൊണ്ടു പോയിരുന്നത്. പ്രത്യേകിച്ചു എൺപതുകളിൽ ഇന്നത്തെ സംഘിയുടെ രാമനേയും ഹനുമാനെയുമൊക്കെ ഇലക്ഷൻ ഐക്കണുകളാക്കി കൊണ്ടുനടന്ന് തിരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറിയ ഒരു പാരമ്പര്യവും അവർക്കു മാത്രം അവകാശപ്പെടാനുള്ളതാണ്. പിന്നീടാണ് കാവി രാഷ്ട്രീയം അതിൻ്റെ വിശ്വരൂപം പൂർണ്ണമായും കാണിച്ചു തുടങ്ങിയിരുന്നത്. അതോടെ ആരംഭിച്ചത് കോൺഗ്രസ്സിൻ്റെ കഷ്ടകാലമാണ്. കേവലം രണ്ട് സീറ്റിൽ നിന്നും രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ മാറ്റിയത് കോൺഗ്രസ്സ് നേതൃത്വമാണ്. ഇപ്പോൾ നരേന്ദ്ര മോദിക്ക് രണ്ടാം ഊഴം ഉറപ്പിച്ചു നൽകിയതും കോൺഗ്രസ്സിന്റെ പിടിപ്പു കേട് ഒന്നുകൊണ്ടു മാത്രമാണ്. ‘ഖദർ’ മിന്നൽ വേഗത്തിൽ കവിയണിയുന്ന സാഹചര്യം കോൺഗ്രസ്സിന്റെ വോട്ട് ബാങ്കിനെയാണ് ആകെ തകർത്തിരിക്കുന്നത്. ഈ സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് ജഹാംഗീർപുരി ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ കോൺഗ്രസ്സിനെ നിഷ്ക്രിയമാക്കിയിരിക്കുന്നത്. ഈ നിലപാടാകട്ടെ ഡൽഹിയിൽ മാത്രമല്ല കേരളത്തിൽ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ശക്തമായ എതിർപ്പിനും നിലവിൽ കാരണമായിട്ടുണ്ട്.
ആത്യന്തികമായി ഇത്തരം സമീപനങ്ങളാണ് കോണ്‍ഗ്രസ്സ് ആദ്യം മാറ്റേണ്ടത്. അതിനുള്ള മാനസികാവസ്ഥയില്ലാതെ ഏതെങ്കിലും ‘തന്ത്രജ്ഞന്റെ’ വാക്കു കേട്ട് ‘തന്ത്രങ്ങള്‍’ ഒരുക്കിയാല്‍ അവശേഷിക്കുന്ന ഇടങ്ങളില്‍ പോലും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. അതും ,കോണ്‍ഗ്രസ്സ് നേതൃത്വം… ഓര്‍ക്കുന്നത് നല്ലതായിരിക്കും …
EXPRESS VIEW