സി.കെ ജാനുവിന് 25 ലക്ഷം കൂടി കൈമാറിയെന്ന് പ്രസീത അഴീക്കോട്

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എത്ര പണം ചോദിച്ചാലും തരാന്‍ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്.

കെ.സുരേന്ദ്രനുമായുള്ള പുറത്തു വന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവര്‍ പറഞ്ഞു.

പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

 

Top