ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നോട്ടീസ് തള്ളാന്‍ വെങ്കയ്യ നായിഡുവിന് അധികാരമില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
64 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് വെങ്കയ്യ നായിഡു തള്ളിയതെങ്ങനെയെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാന്‍ അദ്ദേഹത്തിന് അധികാരമില്ല. മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ പാനലാണ് അത് തീരുമാനിക്കേണ്ടത്. നിയമാനുസൃതം നോട്ടീസ് പരിഗണിക്കാന്‍ വേണ്ട 50 എം.പിമാരുടെ പിന്തുണയുണ്ടോ എന്ന് മാത്രമാണ് അദ്ദേഹം പരിശോധിക്കേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉപരാഷ്ട്രപതിയുടെ തീരുമാനം പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പ്രതികരിച്ചു. എന്നാല്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളല്‍ നോട്ടീസ് തള്ളുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് രാജിവയ്ക്കുന്നത് വരെ താന്‍ സുപ്രീംകോടതിയില്‍ ഹാജരാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു.
പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വെങ്കയ്യ നായിഡുവിന്റെ നടപടി.