ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇരുന്ന 50 ലക്ഷം വിലയുളള ബൈക്കിന്റെ സ്റ്റാന്‍ഡ് ഇട്ടിരുന്ന കാര്യം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും അതിനാല്‍ ട്വീറ്റില്‍ ചീഫ് ജസ്റ്റിസ് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പരാമര്‍ശിച്ചതില്‍ ഖേദിക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. 134 പേജുള്ള സത്യവാങ്മൂലത്തില്‍ ഒരേയൊരു തവണ മാത്രമേ അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിപ്പിക്കുന്നുള്ളു.
നാല് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഒന്ന് പോലും പിന്‍വലിക്കാനോ അതില്‍ പശ്ചാത്താപം പ്രകടിപ്പിക്കാനോ പ്രശാന്ത് ഭൂഷണ്‍ തയ്യാറായിട്ടില്ല. മാത്രമല്ല, തന്റെ നിലപാട് സത്യവാങ്മൂലത്തില്‍ കൂടുതല്‍ കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍ നാല് മുന്‍ ജസ്റ്റിസുമാര്‍ക്ക് പങ്കുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സഹാറാ- ബിര്‍ള ഡയറി കേസ് മുതല്‍ ജസ്റ്റിസ് ലോയയുടെ മരണം വരെയുള്ള കേസുകള്‍ മുതല്‍ കഹീകോ പോള്‍ ആത്മഹത്യ കേസ്, മെഡിക്കല്‍ അഡ്മിഷന്‍ അഴിമതി, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ വിവാദം, അസമിലെ എന്‍ആര്‍സി വിവാദം, ആര്‍ട്ടിക്കിള്‍ 370 ന്റെ റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് എപി ഷാ തുടങ്ങി സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരും ആയ സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസംഗങ്ങളും എഴുത്തുകളും പ്രശാന്ത് ഭൂഷണ്‍ തന്റെ സത്യവാങ്മൂലത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ആണ് സുപ്രീം കോടതിയെന്നോ, സുപ്രീം കോടതിയെന്നത് ചീഫ് ജസ്റ്റിസ് ആണ് എന്നോ പറയുന്നത് സുപ്രീം കോടതി എന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ആ അഭിപ്രായങ്ങള്‍ എല്ലാം തനിക്ക് പൂര്‍ണ ബോധ്യമുള്ളവയാണ്. ആളുകള്‍ക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയ ചര്‍ച്ചകള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ കാര്യത്തില്‍ എന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നുണ്ട്.