പട്ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയത്. ആവശ്യമെങ്കില്‍ പ്രശാന്ത് കിഷോറിനും പവന്‍ വര്‍മയ്ക്കും ജെഡിയുവില്‍നിന്ന് പുറത്തുപോയി ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്ന് ചൊവ്വാഴ്ച നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമത്തെ പിന്തുണച്ച ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ ചോദ്യംചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രശാന്ത് കിഷോറും പവന്‍ വര്‍മയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും പാര്‍ട്ടി പുറത്താക്കിയത്.
നിതീഷ് കുമാറിനെതിരേ മോശം പരാമര്‍ശം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിച്ചതെന്നും ഇവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ ജെഡിയു വ്യക്തമാക്കി.പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്ന് ഇവരുടെ പരസ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഈ സാഹചര്യത്തില്‍ ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ജെഡിയു അറിയിച്ചു.
അതേസമയം പുറത്താക്കിയതിന് നന്ദി അറിയിച്ച് പ്രശാന്ത് കുമാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘നന്ദി നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് എന്റെ ആശംസകള്‍. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ’- പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.