ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജെഡിയുവും, ബിജെപിയും തമ്മിലുള്ള സഹകരണത്തെ എതിര്‍ത്തതിന്റെ പേരിലാണ് കിഷോര്‍ നിതീഷ് കുമാറുമായി അകന്നത്. ബിഹാറിലേക്ക് വികസനം എത്തുന്നില്ലെന്ന് പരാതിപ്പെടുന്ന പ്രശാന്ത് കിഷോര്‍ ‘ബാത്ത് ബിഹാര്‍ കി’ എന്ന പ്രചരണ പരിപാടിയുമായി രംഗത്തിറങ്ങുകയാണ്.
100 ദിവസത്തേക്ക് ബിഹാറില്‍ ഉടനീളം സഞ്ചരിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. നിതീഷ് കുമാറിന്റെ ദുര്‍ഭരണത്തിന് എതിരെ പ്രചരണം നയിക്കാനാണ് കിഷോറിന്റെ നീക്കം. ‘ഞാന്‍ എവിടെയും പോകുന്നില്ല, ബിഹാറിനായി പ്രവര്‍ത്തിക്കാന്‍ ഇവിടെയുണ്ട്. വികസനം കാണാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ ക്ഷണിക്കുകയാണ്, നമ്മുടെ സംസ്ഥാനത്തെ നിര്‍മ്മിക്കാനുള്ള ഈ പ്രചരണത്തിന്റെ ഭാഗമാകണം’, കിഷോര്‍ പ്രസ്താവിച്ചു.
വികസന പട്ടികയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പിന്നില്‍ ആകാത്ത പുതിയ ബിഹാര്‍ കാണാന്‍ ആഗ്രഹിക്കുന്നവരെയാണ് ക്ഷണിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ 22ാം സ്ഥാനത്ത് നിന്നും 10ലേക്ക് ബിഹാറിന്റെ നില മെച്ചപ്പെടുത്തണം. ബിഹാറിനെ മികച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റണം. ഈ പ്രചരണം മാര്‍ച്ച് 20ന് തുടങ്ങും, കിഷോര്‍ പ്രഖ്യാപിച്ചു.
ബിഹാറിനായി നിതീഷ് കുമാര്‍ ഒട്ടേറെ വികസന പ്രവര്‍ത്തനം നടത്തിയെങ്കിലും സംസ്ഥാനം ഇപ്പോഴും ദരിദ്രമായി തുടരുന്നു, ജോലിക്കായി യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നു. ഈ സഖ്യം സംസ്ഥാനത്തിന് ഗുണം ചെയ്യുന്നുണ്ടോ?, ജെഡിയു-ബിജെപി സംഖ്യത്തെ ചോദ്യം ചെയ്ത് പ്രശാന്ത് കിഷോര്‍ ചോദിച്ചു.
നിതീഷ് കുമാര്‍ ഗോഡ്‌സെയുടെ ആശയങ്ങളെ വിശ്വസിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു. ഗാന്ധിയും, ഗോഡ്‌സെയും ഒരുമിച്ച് പോകില്ല, കിഷോര്‍ പറഞ്ഞു. നിതീഷിന്റെ വികസനങ്ങളെ തള്ളിപ്പറയാതെ സഖ്യത്തെ മാത്രം ലക്ഷ്യംവെയ്ക്കുന്ന കിഷോര്‍ സ്വയം അപ്രഖ്യാപിത നേതാവായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണെന്നാണ് കരുതുന്നത്.