ഇന്ത്യക്ക് വേണ്ടിയുള്ള യുദ്ധം തീരുമാനിക്കപ്പെടുന്നത് 2024 ല്‍ മാത്രമാണെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ഇന്ത്യക്ക് വേണ്ടിയുള്ള യുദ്ധം തീരുമാനിക്കപ്പെടുന്നത് 2024 ല്‍ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അതില്‍ പ്രതിഫലിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നേര്‍കാഴ്ച്ചയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോടെ പ്രതികരിക്കുകയായിരുന്നു കിഷോര്‍. മോദിയുടെ ഈ ചതിയില്‍ അകപ്പെട്ട പോകരുതെന്നും അത് സമ്മര്‍ദ തന്ത്രമാണെന്നും പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചു.

‘ഇന്ത്യക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പോരാട്ടം ആരംഭിക്കുന്നതും വിജയം പ്രഖ്യാപിക്കുന്നതും 2024 ല്‍ മാത്രമാണ്. അല്ലാതെ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളിലല്ല. അദ്ദേഹത്തിന് അത് അറിയാം. എന്നാല്‍ പ്രതിപക്ഷത്തെ മാനസികമായി സമ്മര്‍ദത്തിലാക്കാനാണ് ഈ ചതി. അതില്‍ വീഴുകയോ അതിന്റെ ഭാഗമാവുകയോ ചെയ്യരുത്.’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലേത് 2024 ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കപ്പെട്ടുവെന്ന് പലരും പറഞ്ഞിരുന്നു. അതേ കാര്യം ഇപ്പോഴും ബാധകമാണ് എന്ന് മാത്രമെ പറയാനുള്ളൂ. 2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഫലം കാണാം’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

Top