ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ മുന്‍ അസോസിയേറ്റ് സുനില്‍ കനുഗോലു.
പ്രശാന്ത് കിഷോറിനൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഐപിഎസിയില്‍ പ്രവര്‍ത്തിച്ചയാളാണ് സുനില്‍ കനുഗോലു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കനുഗോലുവിന് ചുമതല നല്‍കിയ കാര്യം പാര്‍ട്ടി വെളിപ്പെടുത്തിയത്. 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹം മേല്‍നോട്ടം വഹിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കിഷോറിന്റെ അസോസിയേറ്റ് എന്ന നിലയില്‍ കനുഗോലു മുമ്പ് ബിജെപി, ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ഒന്നിലധികം തവണ കിഷോര്‍ പ്രതികരിച്ചതോടെ കൂടിക്കാഴ്ച പരാജയപ്പെട്ട കാര്യം വെളിപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടതിന്റെ കാരണം കോണ്‍ഗ്രസോ കിഷോറോ വ്യക്തമാക്കിയിട്ടില്ല.