ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡന്റായി (ജെഡിയു) പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുത്തു. ഇതോടെ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ രണ്ടാമനായി മാറി.
പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറാണ് പുതിയ വൈസ്പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. പ്രശാന്ത് കിഷോറിന്റെ നിയമനം പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വക്താവ് കെസി ത്യാഗിയും ഇക്കാര്യത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും പുതിയ നയങ്ങളുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും ത്യാഗി വ്യക്തമാക്കി.
പാര്‍ട്ടി തന്നെ എല്‍പ്പിച്ച ദൗത്യത്തില്‍ സന്തോഷവാനാണ്. ബീഹാറിലെ സാമൂഹിക നീതിക്കും പുരോഗതിക്കും വേണ്ടി നിതീഷ് കുമാറിനോടൊപ്പം പ്രവര്‍ത്തിക്കുമെന്നും പ്രശാന്ത് കുമാര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോര്‍ കഴിഞ്ഞ വര്‍ഷമാണ് ജെ.ഡി.യുവില്‍ ചേര്‍ന്നത്. ബീഹാര്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറുമായുള്ള അടുത്ത ബന്ധം നേരത്തെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.