പ്രസിദ്ധ് കൃഷ്ണ കൊവിഡ് മുക്തനായി

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ സ്റ്റാന്‍ഡ്ബൈ പേസര്‍ പ്രസിദ്ധ് കൃഷ്ണ കൊവിഡ് മുക്തനായി. ബെംഗളൂരുവിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്ന താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നാളെ(മെയ് 23) മുംബൈയിലേക്ക് തിരിക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്‍ പതിനാലാം സീസണിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കൊവിഡ് പിടിപെട്ട നാല് താരങ്ങളില്‍ ഒരാളാണ് പ്രസിദ്ധ് കൃഷ്ണ. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ സന്ദീപ് വാര്യര്‍, ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സെയ്ഫെര്‍ട്ട് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. പ്രസിദ്ധും നെഗറ്റീവായതോടെ എല്ലാ കെകെആര്‍ താരങ്ങളും കൊവിഡ് മുക്തരായി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ പ്രസിദ്ധിന് പുറമെ പേസര്‍മാരായ ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, ബാറ്റ്‌സ്മാന്‍ അഭിമന്യു ഈശ്വരന്‍, വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് എന്നിവരേയും സ്റ്റാന്‍ഡ്ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡില്‍ നിന്ന് അടുത്തിടെ മോചിതനായ സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയ്ക്ക് ബാക്ക് അപ്പായാണ് ഭരതിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

വലംകൈയന്‍ പേസറായ പ്രസിദ്ധ് കൃഷ്ണ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ പുരുഷ, വനിത ടീമുകള്‍ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.

ന്യൂസിലന്‍ഡിന് എതിരെ ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് വിരാട് കോലിയും സംഘവും മൂന്ന് മാസത്തോളം നീളുന്ന പര്യടനം തുടങ്ങുക. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ പര്യടനത്തിലുണ്ട്.

 

Top