വാക്കുകൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടും യുപി പൊലീസിനെ വിറപ്പിച്ച പ്രതിമ മിശ്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ മാധ്യമങ്ങളെ വിലക്കിയ യോഗിയുടെ തട്ടകത്തിൽ പൊലീസുകാരെ വിറപ്പിച്ച പെൺപുലിയായാണ് പ്രതിമ മിശ്ര ഇപ്പോൾ അറിയപ്പെടുന്നത്. ഹത്രാസ് ദളിത് പെൺകുട്ടിയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന വേളയിൽ മാധ്യമപ്രവർത്തകരെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ സമ്മതിക്കാത്തത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഇവിടേക്ക് കയറി ചെന്ന് യുപി പോലീസിനെ ചോദ്യം ചെയ്ത പ്രതിമയുടെ റിപ്പോർട്ടിങ് കൈയ്യടി നേടി കൊടുത്തു.
എന്നാൽ എ.ബി.പി ന്യൂസ് റിപ്പോർട്ടറായ പ്രതിമ മിശ്രക്കെതിരെ വിമർശകർ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അവിടെ അരങ്ങേറിയത് നടാകമാണെന്നും അവരുടെ ചാനലായ എ.ബി.പി ന്യൂസിന്‍റെ ചരിത്രവും സംഘപരിവാർ അനുകൂല നിലപാടുകളും പരിശോധിക്കുമ്പോൾ നിരവധി ചോദ്യങ്ങളുയരുന്നുണ്ടെന്നും ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടർ ഹരി മോഹൻ ഫേസ്ബുക്കിൽ കുറിച്ചു. അങ്ങനെ വിശ്വസിക്കാന്‍ മുന്‍ അനുഭവങ്ങളും ഇന്നലെ സംഭവിക്കാതെപോയ ചില കാര്യങ്ങളും തനിക്കു ധാരാളമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംഘപരിവാര്‍ അനുകൂല ദേശീയ മാധ്യമങ്ങളുടെ അതിപ്രസരത്തിനിടയില്‍ എവിടെയെങ്കിലും പ്രതീക്ഷയുടെ ഒരു പുല്‍നാമ്പെങ്കിലും കണ്ടാല്‍ അതാഘോഷിക്കുകയെന്നതു സ്വാഭാവികമാണ്. റിപ്പബ്ലിക്കും ടൈംസ് നൗവും ആജ് തക്കും ഒരു തുറന്ന പുസ്തകമാണ്. അവര്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷേ ഈ പ്രോ-സംഘപരിവാര്‍ മാധ്യമങ്ങളെന്നതു നിങ്ങള്‍ വിചാരിക്കുന്നതിനും അപ്പുറമാണു മനുഷ്യന്മാരേ. അതിന്റെ ആഴവും പരപ്പുമൊക്കെ മനസ്സിലാക്കിയെടുക്കുക എന്നത് അത്രമേല്‍ ശ്രമകരമായ ഒരു പ്രക്രിയയാണ്. നിഷ്പക്ഷ റിപ്പോര്‍ട്ടിങ്ങെന്ന് അവര്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കും.
ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണം ഇന്നലെ മുതല്‍ ഒരു നൂറാവര്‍ത്തി ടൈംലൈനുകളില്‍ കണ്ടുവരുന്ന ഒരു മുഖമാണ്. എ.ബി.പി ന്യൂസിലെ പ്രതിമാ മിശ്ര. ആ മാധ്യമപ്രവര്‍ത്തകയുടെ ധീരമായ റിപ്പോര്‍ട്ടിങ്ങിനെ പലരും വാഴ്ത്തുന്നതു കണ്ടു. അവരെയിപ്പോള്‍ വിളിക്കുന്നത് പെണ്‍പുലിയെന്നാണ്. അതില്‍ കോണ്‍ഗ്രസുകാരുണ്ട്, സി.പി.ഐ.എമ്മുകാരുണ്ട്, സംഘപരിവാര്‍ വിരുദ്ധചേരിയിലുള്ള മറ്റു മനുഷ്യരുമുണ്ട്. അതു ചെയ്തുപോകും. അത്രമേല്‍ ഡ്രാമയാണ് ഇന്നലെ ആ സ്ത്രീ ഹത്രാസില്‍ നടത്തിയത്.
എന്നെ സംബന്ധിച്ച് പ്രതിമയിലൂടെ എ.ബി.പി ന്യൂസ് സമര്‍ഥമായി കളിച്ചു വിജയിച്ച ഒരു നാടകമാണ് ഇന്നലെ അരങ്ങേറിയത്. അങ്ങനെ വിശ്വസിക്കാന്‍ മുന്‍ അനുഭവങ്ങളും ഇന്നലെ സംഭവിക്കാതെപോയ ചില കാര്യങ്ങളും എനിക്കു ധാരാളമാണ്.
പോലീസുദ്യോഗസ്ഥരുടെ നേര്‍ക്കു വിരല്‍ ചൂണ്ടി പല ചോദ്യങ്ങളും ഉന്നയിക്കാന്‍ ഇന്നലെ പ്രതിമയ്ക്കു കഴിഞ്ഞു. പക്ഷേ, കൈയില്‍ മൈക്കെടുത്ത് അവരിന്നലെ പ്രേക്ഷകരോടു സംസാരിച്ചപ്പോഴൊക്കെ ക്യാമറാക്കണ്ണുകള്‍ അവരെ തടഞ്ഞുനിര്‍ത്തിയ പോലീസുകാരുടെ നെയിംപ്ലേറ്റിലായിരുന്നു. പ്രതിമയുടെ ഓരോ ചോദ്യങ്ങളിലും കുറ്റപ്പെടുത്തിയത് ജില്ലാ മജിസ്ട്രേറ്റിനെയും പോലീസ് സുപ്രണ്ടിനെയുമാണ്. മിനിറ്റുകള്‍ നീണ്ട നാടകത്തിലെവിടെയെങ്കിലും ആ സ്ത്രീ യോഗിരാജിനെക്കുറിച്ചു സംസാരിച്ചുവോ? ആദിത്യനാഥ് ഭരണകൂടത്തോടു ചോദ്യങ്ങളുന്നയിച്ചുവോ? പലതവണ കേട്ടു, കണ്ടു. അതിലെവിടെയും സര്‍ക്കാര്‍ പ്രതിയല്ല, മുഖ്യമന്ത്രി കുറ്റക്കാരനല്ല, ബി.ജെ.പിയുടേതാണ് സര്‍ക്കാരെന്ന ധ്വനി പോലുമില്ല. മാധ്യമപ്രവര്‍ത്തകരുടെ പ്രവേശന വിലക്കു മാത്രമായിരുന്നു അവരുടെ വിഷയം. വളരെ വിദഗ്ധമായി ഈ സംഭവത്തിനു ശേഷം മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് യു.പി സര്‍ക്കാര്‍ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ടു.
ഇനിയൊന്നു പരിശോധിക്കണം ആരാണ് പ്രതിമാ മിശ്രയെന്നും എന്താണ് എ.ബി.പി ന്യൂസെന്നും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തെ ഏതൊക്കെ മാര്‍ഗത്തില്‍ അടിച്ചമര്‍ത്താനാണു ഭരണകൂടം ശ്രമിച്ചതെന്നു നമ്മള്‍ കണ്ടതാണ്. ബലപ്രയോഗം പരാജയപ്പെട്ടതോടെ പൊതുസമൂഹത്തിനു മുന്നില്‍ അവരെ അക്രമികളായി ചിത്രീകരിക്കുകയായിരുന്നു അടുത്തഘട്ടം. അതു കൃത്യമായി നടപ്പിലായത് ഈ മാധ്യമപ്രവര്‍ത്തകയിലൂടെയാണ്. റിപ്പോര്‍ട്ടിങ്ങിനിടെ സമരക്കാര്‍ തന്നെ അക്രമിച്ചെന്നായിരുന്നു പ്രതിമയുടെ ആരോപണം. സമരക്കാര്‍ ഗുണ്ടകളാണെന്നും സമാധാനപരമായ സമരമല്ല ഇതെന്നും പ്രതിമ പിന്നീട് സ്ഥാപിച്ചെടുത്തു. കഴിഞ്ഞദിവസം രാജ്യസഭയില്‍ ചട്ടവിരുദ്ധമായി കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാസാക്കിയതില്‍ നിശബ്ദയായിരുന്ന ആ സ്ത്രീ, രാജ്യസഭാ ഉപാധ്യക്ഷന്റെ ഏകാധിപത്യ നടപടികളെ പ്രകീര്‍ത്തിച്ചതിന്റെ ശേഷിപ്പുകള്‍ ട്വിറ്ററിലൊന്നു നോക്കിയാല്‍ കിട്ടും.
ഇനി എ.ബി.പി ന്യൂസ്. അടിമുടി സംഘപരിവാറിസം തുളുമ്പിനില്‍ക്കുന്ന വാര്‍ത്തകള്‍, റിപ്പോര്‍ട്ടിങ്. അടുത്തകാലത്തുണ്ടായിട്ടുള്ള പറയാം. കോവിഡ് കാലത്ത്, ഏപ്രിലില്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നതായി എ.ബി.പിയുടെ മറാഠി ചാനല്‍ വാര്‍ത്ത നല്‍കി. അതന്നു കാട്ടുതീ പോലെ പടര്‍ന്നു. എല്ലാവരും ട്രെയിനിനായി ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെത്തി. എ.ബി.പി അന്നത് റിപ്പോര്‍ട്ട് ചെയ്തതു മാധ്യമവിദ്യാര്‍ഥികള്‍ക്കു പാഠ്യവിഷയമാക്കാവുന്നതാണ്. റെയില്‍വേ സ്റ്റേഷന്റെ എതിര്‍വശത്തുള്ള മസ്ജിദിനെ പശ്ചാത്തലമാക്കി കൂടിനില്‍ക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. മസ്ജിദിനു മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതായി വാര്‍ത്ത റിപ്പോര്‍ട്ടും ചെയ്തു. അന്ന് എ.ബി.പിയുടെ മറാഠി ചാനല്‍ റിപ്പോര്‍ട്ടറെ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കിയതിന് അറസ്റ്റ് ചെയ്തത് കേരളത്തില്‍ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡ് കാലത്ത് മോദിസര്‍ക്കാരിന്റെ ലോക്ഡൗണ്‍ തീരുമാനത്തെ മഹത്വവത്കരിക്കാനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനെ (ഐ.സി.എം.ആര്‍) വരെ ഉപയോഗിച്ചു വ്യാജവാര്‍ത്ത ഇറക്കിയവരാണ് ഇക്കൂട്ടര്‍. ലോക്ഡൗണില്ലായിരുന്നുവെങ്കില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമായിരുന്നെന്ന് ഐ.സി.എം.ആറിന്റെ പഠനത്തെ ഉദ്ധരിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇതു പ്രചരിപ്പിക്കാന്‍ മുന്‍കൈയെടുത്തത് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയാണ്. ഒടുവില്‍ തങ്ങളിങ്ങനെയൊരു പഠനം നടത്തിയിട്ടില്ലെന്ന് ഐ.സി.എം.ആറിനു പറയേണ്ടിവന്നു.
കഴിഞ്ഞകൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബോംബെ ഐ.ഐ.ടി കാമ്പസിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എ.ബി.പി ന്യൂസ് ഒരു ഡിബേറ്റ് സംഘടിപ്പിച്ചു. ‘enthusiasts of 2019’ എന്നായിരുന്നു ഷോയുടെ പേര്. തൊട്ടടുത്ത ദിവസം ഇതു പുഃനസംപ്രേഷണം ചെയ്തപ്പോള്‍ പരിപാടിയുടെ സ്ലഗ്ഗൊന്നു മാറി. ‘IIT Bombay Supports Modi’ എന്നായിരുന്നു പുതിയത്. പക്ഷേ അംബേദ്കര്‍ പെരിയാര്‍ ഫൂലേ സ്റ്റഡി സര്‍ക്കിള്‍ നടത്തിയ അന്വേഷണത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും കാമ്പസിനു പുറത്തുനിന്നുള്ളവരാണെന്നു കണ്ടെത്തി. അതില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകര്‍ വരെയുണ്ടായി.
ഇനിയും സംശയമുള്ളവര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് മോദിയുമായി ഈ ചാനല്‍ നടത്തിയ അഭിമുഖമൊന്നു കണ്ടാല്‍ മതി. കൂടുതലൊന്നും സംശയനിവാരണത്തിനു വേണ്ടിവന്നേക്കില്ല.
സംഘപരിവാറാണ്. ചരിത്രരേഖകളില്‍ പോലും അവരുടെ ഈവക കളികള്‍ ഇടംപിടിക്കില്ല. ജാഗ്രതയാണു പ്രധാനം.