പ്രവാസികള്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എത്തി, ര​ക്ത​പ​രി​ശോ​ധ​ന തു​ട​ങ്ങി

അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ നാട്ടിലേക്ക് വരാനായി അബുദാബി, ദുബായ് വിമാനത്താവളങ്ങളിലെത്തി തുടങ്ങി.

ആദ്യ രണ്ടു വിമാനങ്ങളില്‍ സീറ്റ് ലഭിച്ച 354 പേരില്‍ ബഹുഭൂരിപക്ഷം ആളുകളും നാലു മണിക്കൂര്‍ മുമ്പ് തന്നെ ഹാജരായി.

അബുദാബിയില്‍ അറൈവല്‍ ഹാളില്‍ എത്തിച്ച യാത്രക്കാരുടെ രക്തം എടുത്തു പരിശോധിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പത്തു മുതല്‍ പതിനഞ്ചു മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭിക്കും.

കോവിഡ് ബാധയില്ലെന്നു ഉറപ്പുവരുത്തിയ ശേഷം ചെക്ക് ഇന്‍ കൗണ്ടറിലേക്ക് അയക്കുന്നതിനാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. ദുബായ് ടെര്‍മിനല്‍ 2 ല്‍ രക്ത പരിശോധന പുരോഗമിക്കുകയാണ്.

അബുദാബിയില്‍ നിന്നും വൈകിട്ടു 04:15 നാണ് വിമാനം പുറപ്പെടേണ്ടതെങ്കിലും ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനം പുറപ്പെടുമ്പോള്‍ വൈകുന്നതിന് സാധ്യതയുണ്ട്. ദുബായ്-കോഴിക്കോട് വിമാനം അഞ്ചിനാണ് പുറപ്പെടേണ്ടത്. എല്ലാ യാത്രക്കാര്‍ക്കും ബോര്‍ഡിങ് ഗേറ്റില്‍ മാസ്‌ക്കും, കൈയുറകളും, സാനിറ്റിസറും നല്‍കും.

Top