പ്രവാസികള്‍ക്കായി കൈകോര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കൈകോര്‍ത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റുകളെടുത്ത് നല്‍കാന്‍ രംഗത്തെത്തിയിരിക്കുകയാണ് എംപിമാരായ ഹൈബി ഈഡന്‍ ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, എന്നിവരും.

ഹൈബി ഈഡന്‍ എംപി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എംപി 10 ടിക്കറ്റുകളും എംഎല്‍എമാരായ കെ.എസ്. ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, എന്നിവര്‍ 10 ടിക്കറ്റുകള്‍ വീതവും നല്‍കും.

അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, ഏറ്റവും താഴെത്തട്ടിലുള്ള 10 പ്രവാസികള്‍ക്കായി വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ ടിക്കറ്റുകള്‍ കൈമാറുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എംഎല്‍എമാരായ അന്‍വര്‍ സാദത്തും വി.ടി. ബല്‍റാമും ടിക്കറ്റുകള്‍ കൈമാറുന്നത്. ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ധനരായ 10 പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്.

Top