കോഴിക്കോട്: ദുബായില്‍ നിന്ന് പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂരിലെത്തി. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗര്‍ഭിണികളും ഉള്‍പ്പെടെ 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മറ്റ് അസുഖബാധിതരായ 51 പേരും വീല്‍ച്ചെയറില്‍ ആറ് പേരും ഉണ്ട്.
കോഴിക്കോട് എത്തുന്ന പ്രവാസികളെ എന്‍ഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റൈനില്‍ താമസിപ്പിക്കുന്നത്. ഇവിടെ 100 പേര്‍ക്ക് ഉള്ള സമ്പൂര്‍ണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആര്‍ടിസി ബസില്‍ വിമാനത്താവളത്തില്‍ നിന്നു നേരിട്ടെത്തിക്കും. കലക്ടര്‍ ഉച്ചയോടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തിയിരുന്നു.
അബുദാബിയില്‍ നിന്നുള്ള വിമാനം രാത്രി 10.08നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 181 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ കോവിഡ് 19 പിസിആര്‍ പരിശോധനകള്‍ക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങള്‍ യുഎഇയിലേക്ക് യാത്രതിരിച്ചത്.
നെടുമ്പാശേരിയില്‍നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്. 181 പേരാണ് ഈ വിമാനത്തില്‍ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു.