പ്രവാസിയുടെ ആത്മഹത്യ; കുറ്റാരോപിത പികെ ശ്യാമളയെ നഗരസഭ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി

കണ്ണൂര്‍: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയെ സ്ഥാനത്ത് നിന്നും മാറ്റി. ഇന്ന് ചേര്‍ന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇവര്‍ സ്വയം രാജിവച്ചതാണെന്നും വിവരമുണ്ട്.

അതേസമയം, ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരകാര്യ വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. മുഖ്യ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ ബക്കളത്തെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറുക. സാജന്റെ മരണ ശേഷം ഫയലുകളില്‍ നടത്തിയ കൃത്രിമം അടക്കം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ പി.കെ ശ്യാമള, നഗരസഭ സെക്രട്ടറി ഗിരീഷ്, എന്‍ജിനിയര്‍ കലേഷ് എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പൊലീസിന് മൊഴി നല്കിയിരുന്നു. സാജന്റെ ഭാര്യ ബീന, പാര്‍ത്ഥ ഗ്രൂപ്പിലെ നാല് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് വളപട്ടണം പൊലീസ് രേഖപ്പെടുത്തിയത്.

Top