തിരുവനന്തപുരം: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലടക്കം ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ 1996ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ചതാണ് സംസ്ഥാനത്തെ നോര്‍ക്ക വകുപ്പ്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഗണ്യമായ പങ്കും പ്രവാസികളായ മലയാളികള്‍ അയക്കുന്ന പണമാണ്.
ഇങ്ങനെയുള്ള പ്രവാസികളുടെ ക്ഷേമകാര്യങ്ങളടക്കം ശ്രദ്ധിക്കുന്നതിന്റെ ചുമതലയാണ് പ്രവാസികാര്യ വകുപ്പിനുളളത്. ഇത് നിറുത്തലാക്കിയതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനുളള സംസ്ഥാന സര്‍ക്കാരിന്റെ അവസരവും അവകാശവും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇത് പ്രവാസികളെ അവഹേളിക്കുന്നതിന് തുല്യവുമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോ, സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വമോ ഒരക്ഷരവും മിണ്ടാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. അതുകൊണ്ട് പ്രവാസികാര്യവകുപ്പിനെ വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ച നടപടി ഉടന്‍ റദ്ദാക്കണം. സംസ്ഥാനത്തെ നോര്‍ക്ക വകുപ്പിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള അവസരം ഒരുക്കുകയും വേണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.