ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് കോഴിക്കോട് ജില്ല. എന്നിട്ടും ഹാട്രിക് വിജയം കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ യു.ഡി.എഫിന് നേടാൻ കഴിഞ്ഞത് കോൺഗ്രസ്സ് നേതാവ് എം കെ രാഘവന്റെ ജനപ്രീതി ഒന്നു കൊണ്ടുമാത്രമാണ്. മൂന്നുതവണ കോഴിക്കോട് മത്സരിച്ചു വിജയിച്ച എം.കെ രാഘവന് മുന്നിൽ നാലാമതൊരു സാധ്യത ഇനിയില്ല. അവിടെ ഇനി മത്സരിക്കാൻ താൽപ്പര്യപ്പെടുന്നത് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളാണ്. അവർ അതിനായി നിലവിൽ ശ്രമവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. അതേസമയം കോൺഗ്രസ്സിൽ റിബലായി മാറിയ രാഘവൻ ഇനി മത്സരിക്കുകയാണെങ്കിൽ നിയമസഭയിലേക്ക് എന്ന നിലപാടാണിപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ശശിതരൂരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടു കൂടി ഹൈക്കമാന്റ് പിന്തുണയും നിലവിൽ രാഘവന് നഷ്ടപ്പെട്ടിട്ടുണ്ട്. നേതൃത്വത്തിനെതിരായ കോഴിക്കോട് എം.പിയുടെ വിമർശനത്തിനെതിരെ ശക്തമായ പ്രതികരണമാണ് ഡി.സി.സി. പ്രസിഡന്റ് ഉയർത്തിയിരിക്കുന്നത്. എന്നാൽ കെ.മുരളീധരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന പ്രവീൺ കുമാറിന്റെ പ്രതികരണത്തെ കെ മുരളീധരൻ തന്നെ തളളിക്കളഞ്ഞിട്ടുണ്ട്. എം.കെ രാഘവന്റെ വിമർശനം പൊതുവായ വികാരമാണെന്നതാണ് മുരളീധരന്റെ നിലപാട്. ഇതും കോൺഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
“സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് കോണ്‍ഗ്രസിലെ നിലവിലെ സാഹചര്യമെന്നാണ് ” രാഘവൻ മുൻപ് തുറന്നടിച്ചിരുന്നത്. ഇതു പറയേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും, “ഉപയോഗിക്കുക, വലിച്ചെറിയുക എന്ന രീതിയാണിപ്പോൾ പാർട്ടിയിൽ ഉള്ളതെന്നും” അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. പാർട്ടിയിൽ തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലന്നും രാഘവൻ വ്യക്തമാക്കുകയുണ്ടായി. കോൺഗ്രസ്സ് ഹൈക്കമാന്റിനെ പോലും അമ്പരിപ്പിച്ച എം.പിയുടെ പ്രതികരണത്തിനെതിരെ കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളാണ് ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ഇതോടെ പ്രതിരോധത്തിലായ രാഘവന് കെ.മുരളീധരന്റെ പിന്തുണയാണ് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്.
എം കെ രാഘവൻ മാറിയാൽ തന്റെ പഴയ തട്ടകമായ കോഴിക്കോട് നിന്നും ലോകസഭയിലേക്ക് മത്സരിക്കാനാണ് മുരളീധരൻ ആഗ്രഹിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ രാഘവന്റെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണ് ഇപ്പോഴത്തെ ഈ പരസ്യ പിന്തുണയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. വടകരയിൽ നിന്നും വീണ്ടും ജനവിധി തേടുന്നതിനേക്കാൾ മുരളീധരന് സുരക്ഷിതം കോഴിക്കോട്ടാണ് എന്നാണ് അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നത്. ഗുരുവിനെ വെട്ടി സീറ്റ് തരപ്പെടുത്താൻ പ്രവീൺ കുമാർ ശ്രമിച്ചാൽ അത് നടക്കില്ലന്നതാണ് ഈ വിഭാഗത്തിന്റെ വികാരം.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോകസഭ മണ്ഡലം. ഇതിൽ ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണയും ഇടതുപക്ഷമാണ് വിജയിച്ചിരിക്കുന്നത്.1980 -ൽ ഇ.കെ.ഇമ്പിച്ചിബാവയ്ക്കു ശേഷം സിപിഎമ്മിലെ ആർക്കും ഇവിടെ ജയിക്കാനായിട്ടില്ല. അതേസമയം ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.എം പിന്തുണയോടെ മത്സരിച്ച എം.പി.വീരേന്ദ്രകുമാർ രണ്ടുതവണ കോഴിക്കോട് ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുകയുണ്ടായി. ബാക്കി വർഷങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചിരുന്നത്.
മണ്ഡല പുനർ നിർണയത്തിനു ശേഷം 2009 -ല്‍ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി.എ മുഹമ്മദ് റിയാസിനോട് 838 വോട്ടുകള്‍ക്കാണ് എം.കെ രാഘവന്‍ വിജയിച്ചത്. തുടര്‍ന്ന് 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എ.വിജയരാഘവനെ 16,883 വോട്ടിനും പരാജയപ്പെടുത്തുകയുണ്ടായി. 2019 – ൽ എ. പ്രദീപ്കുമാറിനെതിരേ എം.കെ രാഘവന്റെ ഭൂരിപക്ഷം 85,225 വോട്ടുകളാണ്. ഈ വിജയ ചരിത്രം പുതിയ സാഹചര്യത്തിൽ തുടരുക യു.ഡി.എഫിന് എളുപ്പമാകില്ല. ഇടതുപക്ഷ തുടർ ഭരണത്തിന് ഇടയാക്കിയ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നത് പ്രതിപക്ഷത്തിന് വെല്ലുവിളിയാകും. ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ്സിനെ തുണച്ച “രാഹുൽ എഫക്ട്” ഇത്തവണ ഏശാനും സാധ്യതയില്ല. ഇതെല്ലാം ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്…
EXPRESS KERALA VIEW