ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ,തിരച്ചില്‍ ഊര്‍ജിതം; നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ പൊലീസിനെ കബളിപ്പിച്ച് കൊച്ചി കലൂരിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റ് വഴി റാണ രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പൊലീസ് പ്രത്യേക സംഘങ്ങളായി തിരഞ്ഞ് പ്രവീണ്‍ റാണയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

നിക്ഷേപ തട്ടിപ്പകേസുമായി ബന്ധപ്പെട്ട് 22 കേസുകളില്‍ പ്രതിയാണ് പ്രവീണ്‍ റാണ. പ്രവീണ്‍ റാണ, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്റ് സ്‌ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാല്‍പ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.

തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. പിന്നീട്് സേഫ് ആന്റ് സ്‌ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ ആന്റ് ടൂറിസം മേഖലയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.എന്നാല്‍ നിക്ഷേപകര്‍ക്കായി ഫ്രാഞ്ചൈസി എന്ന മറ്റൊരു തേന്‍ കെണി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയില്‍ അംഗമാകാം. നാല്‍പ്പത്തിയെട്ട് ശതമാനം വരെ പലിശ നല്‍കുമെന്നായിരുന്നു വാഗ്ധാനം. കാലാവധി തീര്‍ന്നാല്‍ മുതലും മടക്കി നല്‍കും. തുടക്കത്തില്‍ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയില്‍ നിക്ഷേപകരാക്കി.

ഇതോടെ വമ്പന്‍ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂനെയിലും കൊച്ചിയിലും ഡാന്‍സ് ബാറുകളും തുടങ്ങി. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും നല്‍കി. പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. ചോരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയിലെ നായകനും റാണയായിരുന്നു.

Top