ഉത്തര്‍പ്രദേശ്: ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ യോഗിയെ മുട്ടു കുത്തി നിന്നു പൂജിക്കുന്ന ഗോരഖ്‌നാഥ് മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ പ്രവീണ്‍ കുമാറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുന്നത്.
ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രികൂടിയായ യോഗിയുടെ പാദപൂജ നടത്തുകയും കഴുത്തില്‍ മാലയിട്ട് ചന്ദനം തൊട്ടു കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.
ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഔദ്യോഗിക വേഷത്തിലുള്ള ഈ പാദപൂജ എന്നാണ് വിമര്‍ശനം ഉയരുന്നത്. ക്ഷേത്ര തന്ത്രിയെന്ന നിലയിലാണ് താന്‍ പൂജിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
‘ഫീലിങ്ങ് ബ്ലസ്ഡ് ‘എന്ന തലക്കെട്ടോടെയാണ് പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിന് മുമ്പും പലരും ഇത്തരത്തില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും, കുറച്ചു സമയത്തിന് മാത്രമായി യൂണിഫോം മാറ്റുന്നത് എന്തിനാണന്ന് ചോദിച്ചു കൊണ്ട് ഉദ്യോഗസ്ഥനെ അനുകൂലിച്ചും ചിലര്‍ പ്രതികരിക്കുന്നുണ്ട്.