തിരുവനന്തപുരം: ശബരിമലയില്‍ പണം വാങ്ങിയുള്ള പൂജകള്‍ അടങ്ങിയ ദര്‍ശന പാക്കേജിനെ ദേവസ്വം ബോര്‍ഡ് അനുകൂലിക്കുന്നുവെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷണന്‍.
മുഖ്യമന്ത്രി നിര്‍ദേശിച്ച പണം വാങ്ങിയുള്ള ദര്‍ശനവും പാക്കേജും രണ്ടാണെന്ന നിലപാടാണ് ബോര്‍ഡിനുള്ളത്.
ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണം വാങ്ങി ദര്‍ശനമെന്നതില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് വിശദമായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും.
അടുത്ത ബോര്‍ഡ് യോഗത്തില്‍ വിശദീകരണം തയ്യാറാക്കും. പ്രത്യേക പൂജകള്‍ക്കായി ബുക്ക് ചെയ്യുന്നയാള്‍ക്ക് പൂജയോടൊപ്പം ദര്‍ശനം സാധാരണ ഗതിയില്‍ ലഭിക്കുമെന്നും പ്രയാര്‍ പറഞ്ഞു.
വിദേശത്ത് നിന്ന് ഓണ്‍ലൈനില്‍ കൂടി ദര്‍ശന സമയം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷണന്‍ പ്രസിഡന്റായിരിക്കെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
25 ഡോളറൊ അതിന് തുല്യമായ തുകയോ ഈടാക്കാമെന്നാണ് സത്യവാങ്മൂലം പറയുന്നത്. ഇതിനെ ന്യായീകരിച്ചാണ് ഇപ്പോള്‍ പ്രയാര്‍ രംഗത്ത് വന്നിരിക്കുന്നത്.
വി.ഐ.പി.കള്‍ക്ക് പണം നല്‍കി ദര്‍ശനമൊരുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
അതേസമയം ദര്‍ശനപാക്കേജിന്റെ പേരിലുള്ള തര്‍ക്കം നീട്ടിക്കൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇക്കാര്യത്തില്‍ ബോര്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇക്കാര്യങ്ങളില്‍ സ്വമേധയാ തീരുമനങ്ങള്‍ എടുക്കാന്‍ ബോര്‍ഡിന് അധികാരമുള്ള കാലത്തോളം തനിക്ക് എതിര്‍പ്പില്ല. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച നടത്തി സ്വീകരിക്കാവുന്നവ എടുക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.