നിപ മുന്‍കരുതല്‍; കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി അധികൃതര്‍

nipha

നിപ ബാധയില്‍ മുന്‍കരുതലെടുത്ത് തമിഴ്‌നാടും. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയാണ് നിപ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ട്. ആളുകളുടെ ശരീര ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്.

കേരളത്തില്‍ കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഇന്നലെ മുതല്‍ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ നല്‍കാനും തീരുമാനിച്ചതായാണ് വിവരം പുറത്തുവന്നത്.

അതേസമയം, കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.

ഒരേ മേഖലയില്‍ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

Top