വാഷിംഗ്ടണ്‍: ഭൂമിയുടെ അടിത്തട്ടില്‍ അമൂല്യ രത്‌നങ്ങളും വജ്രങ്ങളുമുണ്ടെന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ . മനുഷ്യര്‍ക്ക് അത്രവേഗമൊന്നും എത്തിപ്പെടാന്‍ കഴിയാത്ത നിലയില്‍ ഭൂമിയുടെ അന്തര്‍ഭാഗത്ത് 90 മുതല്‍ 150 വരെ മൈല്‍ (145 മുതല്‍ 240 വരെ കിലോമീറ്റര്‍) ആഴത്തിലാണ് വജ്രശേഖരം ഒളിഞ്ഞുകിടക്കുന്നത്. ‘നമ്മള്‍ക്ക് അത് കൈവശപ്പെടുത്താന്‍ കഴിയുകയില്ല. പക്ഷെ ചിന്തിക്കാന്‍ പോലും കഴിയാവുന്നതിലധികം ഡയമണ്ട് ശേഖരമാണ് ഭൂഗര്‍ഭത്തില്‍ ഉള്ളത്’ എം.ഐ.ടിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍ ആന്റ് പ്ലാനെറ്ററി സയന്‍സസിലെ റിസേര്‍ച്ച് സയന്റിസ്റ്റ് ഉള്‍റിച്ച് ഫോള്‍ പറയുന്നു. ഒരു പക്ഷെ ആകര്‍ഷണീയമായ രൂപത്തില്‍ അല്ലാതെ ധാതുക്കളുമായി ഉള്‍ച്ചേര്‍ന്നാണ് രത്‌നങ്ങളുംവജ്രങ്ങളും
സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പം സംബന്ധിച്ച പഠനം നടത്തുന്ന സീസ്മിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂഗര്‍ഭത്തില്‍ നിന്ന് പ്രവഹിക്കുന്ന ശബ്ദതരംഗങ്ങളെ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഭൂമിയുടെ അടിത്തട്ടിലെ പാറകളില്‍ ഒളിഞ്ഞുകിടക്കുന്ന വിലപിടിച്ച ധാതുക്കളെയും നിധി ശേഖരത്തെയും കുറിച്ച് മനസിലാക്കിയത്. ഭൂമിയുടെ മധ്യഭാഗത്തെ ടെക്‌റ്റേണിക് പ്ലേറ്റില്‍ സ്ഥിതിചെയ്യുന്ന പാറകള്‍ ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളതും, അവ ഇളക്കിമാറ്റാനോ, അതിലെ അമൂല്യമായ വജ്രശേഖരങ്ങള്‍ വേര്‍തിരിച്ച് എടുക്കാനോ എളുപ്പമല്ലെന്ന് എം.ഐ.ടി വ്യക്തമാക്കി. ഭൂഗര്‍ഭത്തില്‍ നിന്ന് പുറപ്പെടുന്ന കമ്പനങ്ങളുടെ അത്ഭുതകരമായ വ്യതിയാനം ശ്രദ്ധയില്‍ പെട്ടതോടുകൂടിയാണ് ഭൂമിയുടെ അടിത്തട്ടിലെ വജ്ര ശേഖരം വീണ്ടെടുക്കുന്നതിനായുള്ള പ്രത്യേക പ്രോജക്ടുമായി ഗവേഷകര്‍ മുന്നോട്ടുപോയത്. വ്യത്യസ്തമായ പാറകളിലൂടെയും ധാതുക്കളിലൂടെയും കടന്നുവരുമ്പോള്‍ കമ്പനങ്ങള്‍ക്കുണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ചറിയാന്‍ ഭൂമിക്കടിയിലെ വിവിധങ്ങളായ പാറകളും ധാതുക്കളും ശേഖരിച്ചായിരുന്നു പഠനം നടത്തിയത്.
ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു വജ്രത്തിലൂടെ കടന്നു വരുന്ന കമ്പനങ്ങളെന്നും കണ്ടെത്തുകയും ഭൂകമ്പ വേളയിലെ ചില കമ്പനങ്ങള്‍ക്ക് ഇവയുമായുള്ള സാദൃശ്യം തിരിച്ചറിഞ്ഞുമാണ് വജ്രശേഖരത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഗവേഷകര്‍ ഉറപ്പിച്ചത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള വജ്രശേഖരത്തെക്കാള്‍ ആയിരം മടങ്ങ് ഇരട്ടിയെങ്കിലും ഇങ്ങനെ ഒളിഞ്ഞുകിടപ്പുണ്ടെന്നും ഉള്‍റിച്ച് ഫോള്‍ പറഞ്ഞു.