pregnant dalit woman family beaten up allegedly for not disposing cow carcass 6-arrested

പലന്‍പൂര്‍ : പശുവിന്റെ ജഡം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ദലിത് കുടുംബത്തിന് മര്‍ദ്ദനം. ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയില്‍ ഗര്‍ഭിണിയടക്കമുള്ളവര്‍ക്കാണു മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു.

ദര്‍ബാര്‍ സമുദായത്തിലുള്‍പ്പെട്ട പത്തുപേരടങ്ങിയ സംഘം നിലേഷ്ബായി ദുനാബായി റണവാസിയയുടെ വീട്ടിലേക്കു എത്തുകയും അവരെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ആദ്യം തന്നെ മര്‍ദ്ദിച്ച സംഘം പിന്നീട് ഗര്‍ഭിണിയായ തന്റെ ഭാര്യ സംഗീതാബെന്നിന്റെ വയറ്റിലടക്കം മര്‍ദ്ദിക്കുകയായിരുന്നു. വടിയുപയോഗിച്ച് സംഗീതയുടെ ശരീരമാസകലം മര്‍ദ്ദിച്ചുവെന്നും റണവാസിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പശുവിന്റെ ജഡം കുഴിച്ചിടുന്നതിനായി കൃഷിസ്ഥലത്തേക്കു വന്നില്ലെങ്കില്‍ സംഗീതയെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റണവാസിയ വ്യക്തമാക്കി. സംഗീതബെന്നടക്കം പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സംഗീത ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. ബട് വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. പശുക്കളുടെ ജഡം നീക്കിത്തരണമെന്ന് റണവാസിയയോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനി ആ ജോലി ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് ആക്രമണത്തിനു കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ സുരക്ഷ കര്‍ശനമാക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടയ്ക്ക് ഗോ സംരക്ഷകരുടെ മര്‍ദ്ദനമേറ്റ് ഒരു യുവാവ് ഉനയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചത്ത പശുക്കളുടെ തൊലിയൂരില്ലെന്നും അവയെ കുഴിച്ചിടില്ലെന്നും ദലിത് സമുദായം തീരുമാനിച്ചിരുന്നു.

Top