പത്രിക പിന്‍വലിച്ചില്ല; ഗര്‍ഭിണിയെ തൃണമുല്‍ പ്രവര്‍ത്തകര്‍ കൂട്ടമാനഭംഗത്തിനിരയാക്കി

Untitlerape

കൊല്‍ക്കത്ത: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാത്തതിനാല്‍ ഗര്‍ഭിണിയെ തൃണമുല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂട്ട മാനഭംഗത്തിനിരയാക്കി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുവതിയുടെ ഭര്‍തൃ സഹോദരി ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കാന്‍ തൃണമൂല്‍ പ്രദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇത് ചെവിക്കൊണ്ടില്ല. ഇതിനെ തുടര്‍ന്നാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ യുവതിയെ മാനഭംഗത്തിന് ഇരയാക്കിയത്.

ആറോളം പേര്‍ ചേര്‍ന്നാണ് ഇരുപതുകാരിയായ യുവതിയെ പീഡിപ്പിച്ചത്. നാദിയ ജില്ലയിലെ ശാന്തിപുരില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. മൂന്നു വയസുകാരനായ മകനും ഭര്‍തൃമാതാവും മാത്രമാണ് അതിക്രമം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ മുപ്പതോളം പേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. ഇതില്‍ ആറോളം പേര്‍ യുവതിയുടെ മുറിയില്‍ കടക്കുകയും ഇവരെ മാനഭംഗത്തിനിരയാക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ യുവതിയുടെ മറ്റു ബന്ധുക്കള്‍ പുറത്തായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

Top