ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദ്ദനം; നാലു പേര്‍ക്ക് എതിരെ കേസ്

ആലുവ: ആലങ്ങാട് ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര്‍ക്ക് എതിരെ കേസെടുത്തു. ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഗാര്‍ഹിക പീഡനം, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ആലങ്ങാട് സിഐ അറിയിച്ചു. ഭര്‍ത്താവ് ജൗഹറിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ നഹ്‌ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആലുവ തുരുത്ത് സ്വദേശിയായ സലിമിന്റെ മകള്‍ നഹ്‌ലത്തിന്റെയും പറവൂര്‍ മന്നം സ്വദേശി ജൗഹറിന്റെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നല്‍കിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‌ലത്തും ബന്ധുക്കളും പറയുന്നത്. സ്ത്രീധനമായി നല്‍കിയ തുക ഉള്‍പ്പടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കടംവീട്ടാന്‍ വീട് വില്‍ക്കുകയാണെന്നും കരാര്‍ എഴുതാനായി എത്തണമെന്നും ഇന്നലെ ജൗഹര്‍ നഹ്‌ലത്തിന്റെ പിതാവ് സലിമിനെ അറിയിച്ചു.

ഇതനുസരിച്ച് എത്തിയ സലിമിനെ ഒഴിവാക്കി പുറത്തു പോയ ജൗഹറും മാതാവും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചക്ക് ശേഷം തിരികെ എത്തി. കരാറെഴുതിയെന്നും മടങ്ങിപ്പോകാനും സലിമിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് നഹ്‌ലത്തിനും പിതാവിനും മര്‍ദ്ദനമേറ്റത്. സംഭവം സംബന്ധിച്ച് യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ജൗഹറിനും മാതാവിനുമെതിരെ ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top