മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനില്‍ മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പ്രതി അന്‍സാരിയുടെ മരണം ആത്മഹത്യ ചെയ്തത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഡോക്ടര്‍മാരുടെ സംഘം വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ഒരു സൂചനയുമില്ലെന്ന് ഫൊറന്‍സിക് സംഘവും വ്യക്തമാക്കിയിട്ടുണ്ട്. അന്‍സാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഫൊറന്‍സിക്ക് സംഘവും അന്വേഷണ ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി.

അന്‍സാരിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ മുറിവോ ചതവോയില്ലെന്നാണ് മജിസ്റ്റീരിയില്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. തൂങ്ങിമരണം തന്നെയെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മാത്രമല്ല അന്‍സാരി സിഗററ്റും വാങ്ങി ശുചിമുറിയിലേക്ക് പോയതാണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പൊലീസുകാര്‍ മര്‍ദിച്ചില്ലെന്നും സംഭവ സമയം സ്റ്റേഷനിലുണ്ടായിരുന്ന സാക്ഷികള്‍ പറയുന്നു.

പക്ഷെ നാല് മണിക്കൂര്‍ അന്‍സാരി സ്റ്റേഷനിലുണ്ടായിരുന്നു എന്നതിന് ഒരു രേഖയുമില്ല. പ്രതിയെ കൊണ്ടുവന്നത് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. കിഴക്കകോട്ടയില്‍ നിന്നും ഒരു തൊഴിലാളിയുടെ മൊബൈല്‍ മോഷ്ടിച്ച് രക്ഷപ്പെട്ട പൂന്തുറ സ്വദേശി അന്‍സാരിയെ നാട്ടുകാര്‍ പിടികൂടിയാണ് ഫോര്‍ട്ട് സിഐക്ക് കൈമാറിയത്.

നിരവധിക്കേസില്‍ പ്രതിയായ അന്‍സാരിയെ ഇന്നലെ വൈകുന്നേരം അഞ്ചരയോട് സ്റ്റേഷനു സമീപമുള്ള കൊറോണ നിരീക്ഷ കേന്ദ്രത്തില്‍ കൊണ്ടുവരികയായിരുന്നു. പിന്നീട് 9.30 ന് ഇവിടയുള്ള ശുചിമുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top