കൊല്ലം : കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക വിസ്താരം പൂര്‍ത്തിയായി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുെട അച്ഛന്‍ മൊഴി നല്‍കി. പ്രതി സൂരജിനെ നാളെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നല്‍കിയത്. ആവശ്യപ്പെട്ടതു അനുസരിച്ച് നൂറു പവനോളം സ്വര്‍ണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കി.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്യ വീട്ടില്‍ വെച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷമൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു എന്നും മൊഴിയിൽ പറയുന്നു. ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ സൂരജിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഹാജരാക്കിയത്.