കൊച്ചി: ആലുവയിലെ മോഫിയ പര്‍വീണിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്.പിക്ക് കൈമാറിയേക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.
ഒളിവില്‍ കഴിയുന്ന മോഫിയയുടെ ഭര്‍ത്താവിനും കുടുംബത്തിനുമായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. ആലുവ സി.ഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. കേസില്‍ മോഫിയയുടെ ബന്ധുക്കളുടെ വിശദമായ മൊഴി ഇന്നും രേഖപ്പെടുത്തും.
മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവര്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഫിയയുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ മൂവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കി.
പൊലീസിന്റെ വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. പരാതി ലഭിച്ചിട്ടും അന്വേഷിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ ആലുവ സി.ഐ സുധീറിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉത്രക്കേസില്‍ വീഴ്ച വരുത്തിയതിനുള്ള ശിക്ഷാ നടപടിയായാണ് സുധീറിനെ ആലുവയിലേക്കു സ്ഥലം മാറ്റിയത്. സി. ഐക്കെതിരെ മറ്റ് പരാതികളും ഉയര്‍ന്നുവന്നിരുന്നു.