ബിഹാറിലെ ട്രെയിനപകകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

പറ്റ്‌ന: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാല് പേര്‍ മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണം പാളത്തിലെ തകരാറെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. 70 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ 12 ഓളം കോച്ചുകള്‍ പാളം തെറ്റിയതോടെയാണ് അപകടമുണ്ടായത്. ബക്‌സര്‍ ജില്ലയിലെ രഘുനാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. രാത്രി 11.35 ഓടെയാണ് അപകടമുണ്ടായത്. ബിഹാറില്‍ നിന്ന് അസ്സമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബക്‌സറിലെയും അറായിലെയും ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. അതേസമയം, പാളം തെറ്റിയ കോച്ചിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പൊലീസ് സംഘവും നാട്ടുകാരും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.

അപകടത്തില്‍ വൈദ്യുത തൂണുകളും സിഗ്‌നല്‍ പോസ്റ്റുകളും രണ്ട് ട്രാക്കുകളും തകര്‍ന്നു. പട്ന, ഝജ്ജ, കിയൂള്‍, ജാസിദിഹ്, പാടലീപുത്ര എന്നിവയെ ബന്ധിപ്പിക്കുന്ന നിര്‍ണായകമായ ദീന്‍ ദയാല്‍ ഉപാധ്യായ-ഹൗറ റൂട്ടിലെ ട്രെയിന്‍ ആണ് പാളം തെറ്റിയത്. ട്രാക്കിലെ സംവിധാനങ്ങള്‍ പുനക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ഇന്ത്യന്‍ റെയില്‍വെ അന്വേഷണം തുടരുകയാണ്.

 

 

Top