ദില്ലി: ബിജെപിയെ തോൽപിക്കാനായി ഇന്ത്യ മുന്നണിയോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. ബിജെപി ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയെ ഭയപ്പെടുന്നുവെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. ഒരിക്കൽ കൂടി മോദിയുടെ നേതൃത്വത്തിൽ സർക്കാർ വന്നാൽ ജനാധിപത്യവും മതേതരത്വവും അപ്രസക്തമാകും. ദേശീയ തലത്തിൽ ഇടതു മുന്നണി ഇപ്പോൾ നിലവിലില്ല.
ഇന്ത്യ സഖ്യത്തിലെ സിപിഎം നിലപാടിൽ അവരുടെ പാർട്ടി തീരുമാനം എടുക്കട്ടെ. എന്നാൽ ഇടത് പാർട്ടികൾ പരസ്പരം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നുണ്ടെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. വനിത സംവരണ ബിൽ ഇപ്പോൾ നടപ്പാക്കിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്. എന്തുകൊണ്ട് ഒൻപതര വർഷം വനിത സംവരണ ബിൽ കൊണ്ടുവന്നില്ല എന്നും പ്രേമചന്ദ്രൻ ചോദിച്ചു.