പ്രേമം ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ റീ-റിലീസിന് ഒരുങ്ങുന്നു

2015ല്‍ ‘പ്രേമം’ കേരളത്തില്‍ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും തരംഗമായിരുന്നു. നിവിന്‍ പോളിയും സായ് പല്ലവിയും ഒന്നിച്ച അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ബോക്‌സോഫീസിലും മാജിക്ക് തീര്‍ത്താണ് തിയേറ്റര്‍ വിട്ടത്. വാലന്റൈന്‍ മാസമായ ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ റീ-റിലീസിന് ഒരുങ്ങുകയാണ് സിനിമ.

നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജോര്‍ജിന്റെ ജീവിതത്തില്‍ വന്നു ചേരുന്ന പ്രണയങ്ങളും പ്രതിസന്ധികളും വളരെ രസകരമായി പ്രേമം ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഹ്യൂമറും പാട്ടുകളും ഇന്നും ട്രെന്‍ഡാണ്. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ മലറിന്റെ ഹെയര്‍സ്‌റ്റൈലും പേരും വരെ പെണ്‍കുട്ടികള്‍ ഏറ്റെടുത്തപ്പോള്‍ ജോര്‍ജിന്റെ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും യുവാക്കളുടെ കോളേജ് ട്രന്‍ഡായി മാറിയിരുന്നു. നിവിന്‍ പോളിയുടെ കരിയറില്‍ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ചിത്രം.

200 ദിവസങ്ങളിലേറെയാണ് ചെന്നൈയിലെ ഒരു തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രേമം തമിഴില്‍ റീമേക്ക് ചെയ്യരുതെന്നും ‘ഒറിജിനലിനെ’ അത്രമാത്രം സ്‌നേഹിക്കുന്നുവെന്നുമാണ് ആരാധകരുടെ അഭിപ്രായം. നാല് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 73 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഫെബ്രുവരി ഒന്നിന് തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ ആണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുക. 2016ലും 2017ലും പ്രേമം തമിഴ്‌നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു.

Top