സൂപ്പർ താരങ്ങളെ റാഞ്ചാൻ ശ്രമം തുടങ്ങി . . .

വിലപേശലുകളുടെ ആകാംഷ നിമിഷങ്ങള്‍ നല്‍കിക്കൊണ്ട് ഇംഗ്ലീഷ് പ്രീമിയറില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നു. കളിക്കാരെ മറ്റു ക്ലബുകള്‍ക്ക് കൈമാറാന്‍ ലഭിക്കുന്ന കാലയളവാണ് ട്രാന്‍ഫര്‍ വിന്‍ഡോ. യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളില്‍ രണ്ട് ട്രാന്‍സ്ഫര്‍ ജാലകങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്. മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ജനുവരി ഒന്നിന് തുടങ്ങി ജനുവരി 31ന് അവസാനിക്കുന്ന മിഡ് സീസണ്‍ പല ക്ലബുകള്‍ക്കും അഗ്നി പരീക്ഷണമാണ്.

ചെല്‍സി താരങ്ങളായ ഏദന്‍ ഹസാഡ്, സെസ്‌ക് ഫാബ്രിഗാസ്, അല്‍വാരോ മോറോട്ട, യുവന്റസിന്റെ ഹിഗൈ്വന്റയല്‍, മാഡ്രിഡ് താരങ്ങളായ ഇസ്‌കോ, ലുക്കാ മോഡ്രിച് റയല്‍ ഗോള്‍ കീപ്പര്‍ നവാസ് എന്നിവരാണ് ഈ വര്‍ഷത്തെ മിഡ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ നോട്ടപുള്ളികള്‍.

ജനുവരി 31ന് അവസാനിക്കുന്ന മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഏറെ നാള്‍ കാത്തിരുന്ന അമേരിക്കന്‍ താരം ജര്‍മന്‍ ക്ലബ്ബ് ബെറൂസിയ ഡോട്മുണ്ടിന്റെ കളിക്കാരനായിരുന്ന ക്രിസ്ത്യന്‍ പുലിസിക്കിനെ 57 മില്യണ്‍ യൂറോയ്ക്ക് ടീമില്‍ എത്തിക്കാനായെങ്കിലും ടീമില്‍ കൊഴിഞ്ഞുപോക്കുണ്ടാവുമോ എന്നപേടിയിലാണ് കോച്ചും ടീം മാനേജ്മെന്റും.

സൂപ്പര്‍ താരം സെസ്‌ക് ഫഗബ്രിഗാസിനെ ഇതിനോടകം ഇറ്റാലിയന്‍ ക്ലബ് എ സി മിലാനും ഫ്രഞ്ച് ക്ലബ് മൊണോക്കോയും നോട്ടമിട്ടുകഴിഞ്ഞു. ആഴ്‌സണല്‍, ബാര്‍സിലോണ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ഫാബ്രിഗാസ് 2014ലാണ് ചെല്‍സിയില്‍ എത്തുന്നത്. ചെല്‍സിക്ക് വേണ്ടി 150ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഫാബ്രിഗാസ് 27 ഗോളുകളും നേടിയിട്ടുണ്ട് മൗറിയോ സാരിച്ച ചെല്‍സി മാനേജര്‍ ആയതിനുശേഷം അവസരങ്ങള്‍ കുറഞ്ഞതാണ് താരത്തെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.

സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് ആണ് ചെല്‍സി നേരിടുന്ന മറ്റൊരു പ്രതിസന്ധി. 135 മില്യണ്‍ മാര്‍ക്കറ്റ് വിലയുള്ള ഹസാര്‍ഡിന്റെ കരാര്‍ 2020ന് അവസാനിക്കാനിരിക്കെ ചെല്‍സിയില്‍ തുടരുന്ന കാര്യത്തില്‍ താരം ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ക്രിസ്ത്യാനോയുടെ അഭാവം നികത്താന്‍ റിയല്‍ മാഡ്രിഡ് ഹസാര്‍ഡിനെ നോട്ടമിട്ടു കഴിഞ്ഞു. നേരത്തെ റയലില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

കൂടാതെ സ്‌ട്രൈക്കര്‍ അല്‍വാരോ മോറോട്ടയെ യുവന്റസില്‍ നിന്നും അര്‍ജന്റീന താരം ഹിഗൈ്വന്‍മായി വെച്ചുമാറാനും ചര്‍ച്ചകളും നടക്കുന്നുണ്ട്. റയലില്‍ നിന്നും ഇസ്‌കോയെ ചെല്‍സി ക്യാമ്പില്‍ എത്തിക്കാനുള്ള നീക്കവും ക്ലബ്ബിനുണ്ട്.

എ സി മിലാനില്‍നിന്നും സിസോ ലിവര്‍പൂള്‍ ക്യാമ്പില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ട്. സെവിയ്യ താരം എവര്‍ ബനേഗയെ കൂടാരത്തിലെത്തിക്കാന്‍ ആഴ്‌സണല്‍ കരുക്കള്‍ നീക്കി തുടങ്ങി.

റയല്‍ മാഡ്രിഡില്‍ നിന്നും ലുക്കാ മോഡ്രിച് ക്ലബ് വിടുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. കരാര്‍ പുതുക്കാന്‍ ക്ലബ് തയ്യാറെങ്കിലും താരം ഇത് നിരസിച്ചതായാണ് പുറത്തു വരുന്ന വാര്‍ത്ത. ഇന്റര്‍ മിലാന്‍ ഇതിനോടകം ലൂക്കയുമായി ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. അഡ്രിയാന്‍ റാബി പി എസ് ജി യില്നിന്നും ബാഴ്സലോണയിലെത്താനാണ് സാധ്യത. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് താരം ലൂക്കസ് ഹെര്‍ണാണ്ടസ് ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ എത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

Top