സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

ന്യൂഡൽഹി: ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി 71-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.

സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഗോരഖ്പുര്‍ ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിര്‍ദോഷികളായ കുഞ്ഞുങ്ങള്‍ ഒരാശുപത്രിയില്‍ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും തുല്യ അവസരമുള്ള നവഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. കശ്മീരിലെ ഭീകരാക്രമണങ്ങള്‍, സിക്കിം അതിര്‍ത്തിയില്‍ ചൈനയുമായി തുടരുന്ന തര്‍ക്കം എന്നിവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസംഗം.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Top