ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതിനായി അവലോകന യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിദഗ്ധ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. ഡാം തുറന്ന് വിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യുകയും വെള്ളം ഒഴുകി പോകുന്ന പുഴകളുടെ വശങ്ങളിലുള്ള കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രവും തയ്യാറാക്കി. ഇടുക്കി, എറണാകുളം ജില്ലാ കലക്ടര്‍മാരോട് ആവശ്യമായ സംവിധാനാങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാം ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞിരുന്നു. നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജലനിരപ്പ് 2388 അടിവരെ എത്തിയിട്ടുണ്ട്, 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ അധികമായെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍വഴി പുറത്തേക്കൊഴുക്കാനാണ് തീരുമാനം.