Preparing a list of the best candidates in CPM for the assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഓരോ മണ്ഡലത്തിലും ജയസാധ്യതകളെ കുറിച്ച് സിപിഎം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.

ജില്ലാ -ഏരിയാ കമ്മിറ്റികളുടെ സഹായത്തോടെ 140 മണ്ഡലങ്ങളിലെയും പ്രത്യേക സാഹചര്യങ്ങളും ഇവിടങ്ങളില്‍ ആരു മത്സരിച്ചാലാണ് നേട്ടമുണ്ടാവുക എന്നുമാണ് പരിശോധിക്കുന്നത്.

പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കപ്പുറം പൊതുസമ്മതരായ വ്യക്തികള്‍ മത്സരിച്ചാല്‍ വിജയിക്കാവുന്ന മണ്ഡലങ്ങളില്‍ പൊതുസമ്മതരെ തന്നെ നിര്‍ത്താനാണ് ആലോചന.

സാമുദായിക ജാതി പരിഗണനകള്‍ക്ക് സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ പരിഗണന കൊടുക്കാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും എസ്എന്‍ഡിപി -ബിജെപി ഭീഷണി മുന്‍നിര്‍ത്തി തന്ത്രം മാറ്റിയിരുന്നു.

നിയമസഭാ മണ്ഡലങ്ങളിലും ഈ ഘടകങ്ങളും പരിഗണിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കുഴപ്പം കൊണ്ട് ഒരു സീറ്റും നഷ്ടപ്പെടരുതെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം.

പിന്നോക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പറ്റാവുന്ന സ്ഥാനാര്‍ത്ഥികളെയാണ് പ്രധാനമായും പാര്‍ട്ടി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന ലിസ്റ്റ് മുന്‍നിര്‍ത്തി പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണ് അന്തിമ തീരുമാനമെടുക്കുകയെങ്കിലും പാര്‍ട്ടി ലോക്കല്‍ -ഏരിയാ കമ്മിറ്റികളുടെ അഭിപ്രായവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തവണ നിര്‍ണ്ണായകമാവും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റതും ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നതുമായ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനും കഴിഞ്ഞതവണ വിജയിച്ച സീറ്റുകള്‍ നിലനിര്‍ത്താനും ആവശ്യമായ രൂപത്തില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കും.

ഘടകകക്ഷികള്‍ക്കായി നീക്കിവെക്കുന്ന സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ ഇടപെട്ടില്ലെങ്കിലും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയായിരിക്കണം നിര്‍ത്തേണ്ടത് എന്ന നിര്‍ദ്ദേശം മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ഘടകകക്ഷികള്‍ക്ക് നല്‍കും.

തിരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെ ഘടകകക്ഷികളായ പഴയ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഇടതുപക്ഷത്തേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്ന സിപിഎം നേതൃത്വം ഇനി അവര്‍ വന്നില്ലെങ്കില്‍ തന്നെ ആര്‍എസ്പി കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള തീരുമാനത്തിലാണ്.

പിസി ജോര്‍ജ്ജിനെയും ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്സ് (ബി) യേയും തഴയാന്‍ പറ്റാത്തതിനാല്‍ കേരള കോണ്‍ഗ്രസ്സ് (ബി) ക്ക് പത്തനാപുരവും പി.സി ജോര്‍ജ്ജിന് പൂഞ്ഞാറും നല്‍കി മുന്നണിയോട് സഹകരിപ്പിക്കാനും ആലോചനയുണ്ട്.

കെ.എം മാണിക്കെതിരെ പി.സി ജോര്‍ജ്ജിനെ പാലായില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഇടത് നേതാക്കള്‍ക്കിടയിലുണ്ട്. അങ്ങനെയാണെങ്കില്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിന്റെ നോമിനിക്ക് സീറ്റ് നല്‍കേണ്ടിവരും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ഇടതുമുന്നണി വിജയിച്ചതിനാല്‍ ബാലകൃഷ്ണപിള്ളയുടെ തട്ടകം വിട്ടുനല്‍കാന്‍ മുന്നണി നേതൃത്വം തയ്യാറാകുമോ എന്ന കാര്യവും സംശയമാണ്.

ബിജെപി വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന തിരുവനന്തപുരം, കാസര്‍ഗോഡ്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളില്‍ ജാതി – മത സമവാക്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം.

ഈ ‘ഹോട്ട്’ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കുന്നതിനാവശ്യമായ ചില നീക്കുപോക്കുകള്‍ മറ്റാരുമായും ഉണ്ടാക്കാന്‍ ഇടതുപക്ഷം തയ്യാറായേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നിയമസഭയില്‍ താമര വിരിയിക്കാതിരിക്കാനാണിത്.

കേന്ദ്ര ഭരണത്തിന്റെ പിന്‍ബലമുള്ളതിനാലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയതിനാലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ സംസ്ഥാനത്ത് ഉണ്ടാവുമെന്നതിനാല്‍ അതീവ ജാഗ്രതയോടു കൂടി ബിജെപി നീക്കങ്ങളെ കാണണമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഗൗരവതരമായി കണ്ട് പഴുതടച്ചാവണം നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകേണ്ടതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അമിതമായ ആവേശം വേണ്ടെന്നും അട്ടിമറിക്കപ്പെടാവുന്ന മണ്ഡലങ്ങള്‍ കൂടുതലാണെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജാതി – മത – വര്‍ഗ്ഗീയതയ്‌ക്കെതിരെയും അഴിമതിക്കെതിരെയും ശക്തമായ ബഹുജന ക്യാംപയിന്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ട് ജാഥകള്‍ ഇതിന്റെ ഭാഗമാണ്. പരമാവധി ബഹുജന പങ്കാളിത്തം ജാഥയില്‍ ഉറപ്പുവരുത്താനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ത്രി ബാബുവിനും മറ്റുമെതിരെയുള്ള ബാര്‍ കോഴ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ പ്രക്ഷോഭവും നടത്തും.

Top