വണ്ടിപെരിയാറില്‍ വീണ്ടും കടുവാ സാനിധ്യം; കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍, നടപടിയുമായി വനം വകുപ്പ്

ഇടുക്കി: വണ്ടിപെരിയാറില്‍ വീണ്ടും കടുവയുടെ സാനിധ്യം. കടുവയുടേതിന് സമാനമായ കാല്‍പാടുകള്‍ പ്രദേശത്തു നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തി. അതേസമയം കഴിഞ്ഞ ദിവസം രാത്രിയില്‍ വണ്ടിപെരിയാര്‍ 56-ാം മൈലിന് സമിപം കടുവ ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

കഴിഞ്ഞ രാത്രി ഏഴ് മണിയോടെയാണ് 56 ആം മൈലിന് സമിപം ദേശീയ പാതയോട് ചേര്‍ന്നുള്ള പ്രദേശത്ത്, നാട്ടുകാര്‍ കടുവയെ കണ്ടത്. പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടി കൂടിന് സമിപം കടുവ എത്തിയിരുന്നു. ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവ വലിയ ശബ്ദത്തില്‍ തുടര്‍ച്ചയായി ഗര്‍ജ്ജിക്കുകയും ചെയ്തു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാല്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ മേഖലയില്‍ കണ്ടെത്തി. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെ പിടികുടാന്‍ അടിയന്തരമായി കൂട് സ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Top