ഡല്‍ഹി : ഒന്നാം പിണറായി സര്‍ക്കാരിലെ മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ സന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ വാട്‌സ്ആപ്പ് സന്ദേശം കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. വാട്‌സ്ആപ്പില്‍ പ്രചരിച്ച സന്ദേശം ഹാജരാക്കിയ ശേഷം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വാട്ട്‌സ് ആപ്പ് കൂട്ടായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ വൈദ്യുത മന്ത്രി എംഎം മണി അടക്കമുള്ളവര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം പ്രചരിപ്പിച്ചെന്ന് കാട്ടി മൂന്നാര്‍ പൊലീസാണ് കേസ് എടുത്തത്. കോളേജ് അധ്യാപകന്‍ അടക്കം രണ്ട് പേരെ പ്രതിചേര്‍ത്ത കേസില്‍ നേരിട്ട് മജീസ്‌ട്രേറ്റിന് സമീപിച്ച് കേസ് എടുക്കാനുള്ള അനുവാദം വാങ്ങുകയായിരുന്നു. എന്നാല്‍ ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് പരാതിക്കാരനില്ലാതെ പൊലീസിന് നേരിട്ട് മജിസ്‌ട്രേറ്റിനെ സമീപിച്ച് കേസ് എടുക്കാനാകില്ലെന്ന് കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
പൊലീസിന് നേരിട്ട് മജീസ്‌ട്രേറ്റിനെ സമീപിച്ച് ഇത്തരം കേസുകളില്‍ കേസ് എടുക്കാമെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. എന്നാല്‍ അപകീര്‍ത്തി പരമെന്ന് പൊലീസ് പറയുന്ന വാട്‌സ്ആപ്പ് സന്ദേശം എന്താണെന്ന ചോദ്യം കോടതി ഉന്നയിച്ചു. ഇത് കോടതിയില്‍ ഹാജരാക്കണമെന്ന് ജഡ്ജിമാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഈ വര്‍ഷം ജൂലൈ 24ന് പരിഗണിക്കാനായി മാറ്റി. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന് അഭിഭാഷകന്‍ ജയദീപ് ഗുപത്, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി. കേസിലെ എതിര്‍കക്ഷികള്‍ക്കായി അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ഹാജരായി.