ആം ആദ്മിക്ക് തിരിച്ചടി ; എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

kejriwal

ന്യൂഡല്‍ഹി: ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തില്‍ 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവിയാണ് ഇവര്‍ വഹിച്ചിരുന്നത്. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നായിരുന്നു നടപടി.

തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. തങ്ങള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലന്നും കമ്മീഷന്‍ ധൃതി പിടിച്ചെടുത്ത തീരുമാനമാണിതെന്നും എഎപി കുറ്റപ്പെടുത്തിയിരുന്നു.

മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ആണ് പരാതി നല്‍കിയിരുന്നത്. തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാരും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

എം.എല്‍.എമാരെ ഉടന്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കേണ്‍ഗ്രസ്സ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇതോടെ ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

ആരോപണവിധേയരായ എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഡൽഹിയിൽ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Top