കുറഞ്ഞത് 50 വര്‍ഷമെങ്കിലും ബി.ജെ.പി രാജ്യം ഭരിക്കുമെന്നും അധികാരത്തിലിരിക്കുമെന്നും അമിത് ഷാ

amithsha

ഭോപ്പാല്‍: അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല കുറഞ്ഞത് 50 വര്‍ഷമെങ്കിലും പാര്‍ട്ടി രാജ്യം ഭരിക്കുമെന്നും ബി.ജെ.പി അധികാരത്തിലിരിക്കുമെന്നും പ്രസിഡന്റ് അമിത് ഷാ.

ബി.ജെ.പിയെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 1,387 എം.എല്‍.എമാരും 330 പാര്‍ലമെന്റംഗങ്ങളും ബി.ജെ.പിക്കൊപ്പമുണ്ടെന്നും പാര്‍ട്ടിക്ക് ഇനിയും മുന്നേറാനുണ്ടെന്നും ഷാ പറഞ്ഞു.

മധ്യപ്രദേശ് ബി.ജെ.പി ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുന്‍ഗാമികളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനവും അര്‍പ്പണ മനോഭാവും കാരണമാണ് രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്നതെന്നും അമിത് ഷാ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

ഇന്ന് ബിജെപി 1012 കോടി അംഗങ്ങളുള്ള പാര്‍ട്ടിയാണ്. നമ്മുടെ പതാക ഇല്ലാത്ത ഒരു സ്ഥലവും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി സംഘടനയെ നിങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കാംറൂപ് മുതല്‍ കച്ച് വരെയുളള എല്ലാ പോളിങ് ബൂത്തുകളിലും ബി.ജെ.പിയുടെ ശക്തി ഉറപ്പാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഓഫീസ് ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പാര്‍ട്ടി ജില്ലാ മേധാവികള്‍ എന്നിവരോടായിരുന്നു ഷായുടെ പ്രസംഗം.

ബി.ജെ.പി പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷാ മധ്യപ്രദേശിലെത്തിയത്.

Top