വാഷിങ്ടണ്‍:ലോകത്തെ ഏറ്റവും ശക്തമായ രാജ്യം യുഎസ് തന്നെയാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ. ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.
അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഒബാമ പറഞ്ഞു. ഐഎസിനെ വേട്ടയാടി വേരോടെ പിഴുതുകളയണം. ഐഎസ് ലോകമെമ്പാടുമുള്ള മുസ്‌ലിമുകളെ പ്രതിനിധീകരിക്കുന്നില്ല. മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഏതു രാഷ്ട്രീയത്തെയും തിരസ്‌കരിക്കണം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ഒബാമയുടെ വാക്കുകള്‍. രാഷ്ട്രീയക്കാര്‍ മുസ്‌ലിങ്ങളെ അവഹേളിക്കുന്നതും പള്ളികള്‍ നശിപ്പിക്കുന്നതും തെറ്റാണെന്നും ഒബാമ വ്യക്തമാക്കി.
യുഎസിന്റെ ഏറ്റവും നല്ല മുഖമാകണം ലോകത്തിന് ദൃശ്യമാകേണ്ടത്. ലോക നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ലോകപൊലീസാകാന്‍ ശ്രമിക്കേണ്ടതില്ലെന്നും ഒബാമ പറഞ്ഞു. ഭാവിയില്‍ ഊന്നിയായിരുന്നു ബറാക്ക് ഒബാമയുടെ അവസാന സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗം. അമേരിക്കന്‍ പ്രസിഡന്റ് യുഎസ് പാര്‍ലമെന്റില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദയൂണിയന്‍ സ്പീച്ച്.
ഗ്വാണ്ടിനാമോ തടവറ അടച്ചുപൂട്ടാനുള്ള തന്റെ ശ്രമങ്ങള്‍ തുടരുമെന്നും ഒബാമ പറഞ്ഞു.