ഗസ്സ സിറ്റി: ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രി തകര്‍ത്തത് ഇസ്രായെല്‍ സൈന്യമല്ലെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ തീവ്രവാദികള്‍ തന്നെയാണ് അതിന് പിന്നിലെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവര്‍ ഇപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു.
”ലോകം അറിയണം. ഗസ്സയിലെ ഹോസ്പിറ്റല്‍ ആക്രമിച്ചത് അവിടെയുള്ള പ്രാകൃതരായ തീവ്രവാദികള്‍ തന്നെയാണ്. അതിന് പിന്നില്‍ ഐ.ഡി.എഫ് അല്ല. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവര്‍ ഇപ്പോള്‍ സ്വന്തം കുട്ടികളെയും കൊല്ലുകയാണ്”- നെതന്യാഹു പറഞ്ഞു.
ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ക്രൂരമായ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന് നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റദ്ദാക്കി.
ആശുപത്രി ആക്രമണം വംശീയ ഉന്‍മൂലനത്തിന്റെ ക്രൂരമായ തുടര്‍ച്ചയാണെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. അമേരിക്കയാണ് ഒന്നാം പ്രതിയെന്നും ഹനിയ്യ കുറ്റപ്പെടുത്തി. കുരുതിക്കെതിരെ വന്‍ പ്രതിഷേധമാണ് അറബ് മുസ്ലിം രാജ്യങ്ങളില്‍ അലയടിക്കുന്നത്. ജോര്‍ദാന്‍, ലബനാന്‍, തുര്‍ക്കി, തുനീഷ്യ എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. അമ്മാനില്‍ ഇസ്രായേല്‍ എംബസിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ സുരക്ഷാവിഭാഗം തടഞ്ഞു. തുര്‍ക്കി ഇസ്രായേല്‍ കോണ്‍സുലേറ്റിന് മുന്നില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി.