ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പറയില്ല , അത് കോവിന്ദിനല്ല ; കോത്താഡിയ

അഹമ്മദാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വിമത ബി.ജെ.പി. എം.എല്‍.എ. നളിന്‍ കോത്താഡിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദിന് എതിരെ വോട്ട് ചെയ്തു.

‘ആര്‍ക്കാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് പറയില്ല , പക്ഷേ അത് കോവിന്ദിനല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2015 ല്‍ പട്ടേല്‍ സമരത്തെ ബിജെപി അടിച്ചമര്‍ത്തിയതിലുള്ള പ്രതിഷേധമാണിതെന്ന് അമ്രേലി ജില്ലയിലെ ധാരി എംഎല്‍എയായ നളിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് കൊത്താഡിയ 2012 ല്‍ ധാരിയില്‍ നിന്നും വിജയിച്ചത്. എന്നാല്‍ പാര്‍ട്ടി പിന്നീട് ബി.ജെ.പി.യില്‍ ലയിക്കുകയും നേതൃത്വവുമായുള്ള അനൈക്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു.

ജനതാദള്‍ (യു) വിന്റെ ഭറൂച്ചിലെ ഝഗഡിയയിലെ നിയമസഭാംഗവും ആദിവാസി നേതാവുമായ ഛോട്ടു വാസവ ആര് രാഷ്ട്രപതിയായാലും ആദിവാസികള്‍ക്ക് ഗുണമില്ലെന്നറിയിച്ച് പ്രതിഷേധ സൂചകമായി വോട്ട് ബഹിഷ്‌കരിച്ചു.

Top