ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. പോളിംഗ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാന നിയമസഭകളിലും ഒരുക്കിയ ബൂത്തുകളിലാണ് എംപിമാരും എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തുക.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മിലാണ് മത്സരം.
രാജ്യത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും ഒരുക്കിയ ബൂത്തുകളില്‍ ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.
പാര്‍ലമെന്റില്‍ ലോക്‌സഭ, രാജ്യസഭ സെക്രട്ടറിമാരും സംസ്ഥാനങ്ങളില്‍ നിയമസഭ സെക്രട്ടറിമാരുമാകും വോട്ടെടുപ്പ് നിയന്ത്രിക്കുക.
543 ലോക്‌സഭ അംഗങ്ങളും 233 രാജ്യസഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാര്‍. ഇവരുടെ വോട്ടിന്റെ ആകെ മൂല്യം 1,09,8903. 50 ശതമാനത്തിന് മുകളില്‍ വോട്ടിന്റെ മൂല്യം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും.
എന്‍ഡിഎ സഖ്യകക്ഷികളുടെ വോട്ട് ലഭിച്ചാല്‍ തന്നെ രാംനാഥ് കോവിന്ദ് 49 ശതമാനം വോട്ട് മൂല്യം നേടും. ജെഡിയു, എഐഡിഎംകെ, ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ കൂടിയാകുമ്പോള്‍ പിന്തുണ 60 ശതമാനത്തിന് മുകളിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാല്‍, പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ മീരാ കുമാറിന് പരമാവധി 36 ശതമാനം വോട്ട് മൂല്യം ലഭിക്കാനേ സാധ്യതയുള്ളൂ എന്നാണ് കണക്കുകള്‍.
ഇത്തവണ ഏറെ മാറ്റങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൊണ്ടുവന്നിട്ടുള്ളത്. സ്ഥാനാര്‍ഥിയുടെ പേരെഴുതിയിരിക്കുന്ന ബാലറ്റില്‍ വയലറ്റ് നിറത്തിലുള്ള മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചുമാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. ഈ പേന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിതരണം ചെയ്യും.
വോട്ടിങ് ചേമ്പറില്‍ പ്രവേശിക്കുന്ന എംപി/എംഎല്‍എമാര്‍ക്ക് പോളിങ് ഉദ്യോഗസ്ഥര്‍ ഈ പ്രത്യേക പേന നല്‍കും. മറ്റു പേനകള്‍ ഉപയോഗിച്ചുള്ള വോട്ടിങ് അസാധുവായി പരിഗണിക്കും.
ഇതുകൂടാതെ, സമാധാനപരമായ വോട്ടെടുപ്പു നടക്കുന്നതിന് എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നു വ്യക്തമാക്കിയുള്ള പോസ്റ്ററും ഇത്തവണത്തെ പ്രത്യേകതയാണ്.
തിരഞ്ഞെടുപ്പില്‍ ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍:
പോളിങ് സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ.
32 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് ഹൗസിലെ 62–ാം നമ്പര്‍ മുറിയില്‍ ഒരെണ്ണവും എല്ലാ സംസ്ഥാന നിയമസഭകളില്‍ ഓരോന്നു വീതവും.
രണ്ടു നിറത്തിലാണ് ബാലറ്റ് പേപ്പറുകള്‍. പച്ച നിറത്തിലുള്ളത് എംപിമാര്‍ക്കുവേണ്ടിയും, പിങ്ക് നിറത്തിലുള്ളത് എംഎല്‍എമാര്‍ക്കു വേണ്ടിയും.
ബാലറ്റ് പേപ്പറില്‍ രണ്ടു കോളങ്ങള്‍. ആദ്യ കോളത്തില്‍ സ്ഥാനാര്‍ഥികളുടെ പേരും രണ്ടാം കോളത്തില്‍ ഏതു സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നുവെന്നു വോട്ട് ചെയ്യുന്നയാള്‍ക്കു സൂചിപ്പിക്കാനാകും.
എംപിമാര്‍ക്കുവേണ്ടിയുള്ള ബാലറ്റ് പേപ്പര്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമായിരിക്കും. എംഎല്‍എമാര്‍ക്കുള്ള ബാലറ്റ് പേപ്പര്‍ അതാത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയിലും ഇംഗ്ലിഷിലുമായിരിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ആകെ 33 നിരീക്ഷകരെ കമ്മിഷന്‍ നിയോഗിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ രണ്ടുപേരും സംസ്ഥാന നിയമസഭകളില്‍ ഓരോരുത്തരും.
14 രാജ്യസഭാംഗങ്ങളെയും 41 ലോക്‌സഭാംഗങ്ങളെയും പാര്‍ലമെന്റിലെ പോളിങ് സ്റ്റേഷനു പകരം അതാതു സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. അഞ്ച് എംഎല്‍എമാര്‍ക്കു പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനും നാല് എംഎല്‍എമാര്‍ക്കു മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ വോട്ടു ചെയ്യാനും കമ്മിഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
ജൂലൈ 20നാണ് വോട്ടെണ്ണല്‍.