ന്യൂഡല്‍ഹി: ഗ്രീസ്, സുരിനം, ക്യൂബ തുടങ്ങിയ മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുവാന്‍ ഒരുങ്ങി പ്രസിഡന്റ് രാം നാഥ് കോവിന്ദ്. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. ഒപ്പം കേന്ദ്രമന്ത്രി വിഷ്ണു ദേവ് സഹായും എംപിമാരും രാഷ്ട്രപതിയെ അനുഗമിക്കും.
പ്രസിഡന്റ് ആദ്യം ഏഥന്‍സില്‍ ആയിരിക്കും സന്ദര്‍ശനം നടത്തുക. അവിടെ വെച്ച് അദ്ദേഹം ഗ്രീക്ക് പ്രസിഡന്റ് പ്രോക്കോപിസ് പാവ്‌ലോപൗലോസുമായി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച സുരിനമില്‍ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റ് ഡിസൈര്‍ ഡെലനോ ബൊട്ടേഴ്‌സുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ ഔദ്യോഗികതല ചര്‍ച്ചകള്‍ നടത്തുന്നതാണ്. ആരോഗ്യം, വൈദ്യശാസ്ത്രം, തെരഞ്ഞെടുപ്പ്, ഐ.ടി, ആയുര്‍വ്വേദ മേഖലകളിലെ നിരവധി കരാറുകള്‍ ധാരണാപത്രങ്ങള്‍ തുടങ്ങിയവയില്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ജൂണ്‍ 21 ന് ക്യൂബയില്‍ എത്തുന്ന പ്രസിഡന്റ് ക്യൂബന്‍ പ്രതിനിധി മിഗുവല്‍ ഡയസ്- കനേല്‍ ബെര്‍മുഡേസുമായി ചര്‍ച്ച നടത്തും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ബയോടെക്‌നോളജി, ഹോമിയോപ്പതി, ആയുര്‍വേദം എന്നിവയില്‍ ധാരണാപത്രങ്ങളും കരാറുകളും ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.