നിങ്ങളുടെ മക്കള്‍ എവിടെയുണ്ടെന്ന് കണ്ടെത്തുക, റഷ്യന്‍ അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി യുക്രെയിന്‍ പ്രസിഡന്റ്

കീവ്: യുക്രെയിന്‍ യുദ്ധത്തിന് റഷ്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ നിര്‍ബന്ധപൂര്‍വം ചേര്‍ക്കുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ റഷ്യന്‍ അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്ത്.

എത്രയും പെട്ടെന്ന് നിങ്ങളുടെ മക്കള്‍ എവിടെയുണ്ടെന്ന് കണ്ടെത്താനും അവര്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കാനും സെലന്‍സ്‌കി ആവശ്യപ്പെടുന്നു.

അവരുമായി സംസാരിക്കുമ്പോള്‍ അവര്‍ യുദ്ധമുഖത്താണെന്നോ യുദ്ധത്തിന് പറഞ്ഞുവിടാന്‍ സാദ്ധ്യതയുണ്ടെന്നോ നേരിയ സംശയം എങ്കിലും തോന്നിയാല്‍ എത്രയും വേഗം അതിനെതിരെ പ്രതികരിക്കണമെന്ന് യുക്രെയിന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ സെലന്‍സ്‌കി ആവശ്യപ്പെടുന്നു.

മക്കളെ ഒരു കാരണവശാലും അന്യരാജ്യത്ത് യുദ്ധത്തിന് അയയ്ക്കരുതെന്നും അവരുടെ ജീവന് തന്നെ ഇത് ഭീഷണിയായിതീരുമെന്നും സെലന്‍സ്‌കി വീഡിയോയില്‍ പറയുന്നു. യുക്രെയിന്‍ ഒരുകാലത്തും ഈ യുദ്ധം ആഗ്രഹിച്ചിരുന്നല്ലെന്നും ഇനി പ്രതിരോധത്തിന് വേണ്ടി എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ ഒരുക്കമാണെന്നും സെലന്‍സ്‌കി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനുള്ളവരും യുക്രെയിന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം റഷ്യ അംഗീകരിക്കുന്നത്. ഇതുവരെയായും സൈനിക പരിശീലനം നേടിയ പ്രൊഫഷണല്‍ സൈനികര്‍ മാത്രമാണ് യുദ്ധത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു റഷ്യ വാദിച്ചിരുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന മക്കളെ കുറിച്ചുള്ള റഷ്യന്‍ മാതാപിതാക്കളുടെ പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായതോട് കൂടിയാണ് റഷ്യ ഔദ്യോഗികമായി ഇക്കാര്യം അംഗീകരിക്കുന്നത്.

Top